എസ്.എഫ്.ഐയും കെ.എസ്.യുവും; മഹാരാജാസില്‍ ബാനര്‍ പോര് മുറുകുന്നു

By parvathyanoop.13 08 2022

imran-azhar

 

 


തിരുവനന്തപുരം : എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധത്തോടെ ആരംഭിച്ചതാണ് ബാനര്‍ പോര്. വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയെ നിരോധിക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍ എം പി ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചത്.

 

കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. വീണ്ടും ബാനര്‍പോരില്‍ എസ് എഫ് ഐക്ക് മുകളില്‍ ഒന്നും പറയാനില്ലെന്ന് മഹാരാജാസിലെ കെ.എസ്.യു തന്നെ സമ്മതിച്ചുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ.

 

എസ്എഫ്‌ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹൈബി ഈഡന്‍ എംപിക്കുളള രാഷ്ട്രീയ മറുപടിയാണ് മഹാരാജാസ് കോളേജില്‍ ഉയര്‍ന്ന ബാനര്‍.കെ എസ് യു അതിനെ നേരിട്ടത് ഇന്ദിരയേയും ഈഡനേയും ജനഹൃദയങ്ങളില്‍ കുടിയിരുത്തിക്കൊണ്ട് പൈങ്കിളി വത്കരിച്ചാണ്.ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാഷിസമാണെന്നും ആര്‍ഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

 

'വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്നാണ് കെ എസ് യു സ്ഥാപിച്ച പുതിയ ബാനറില്‍ പറയുന്നത്.പഴയ ഇന്ദിരാ കോണ്‍ഗ്രസുകാര്‍ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ എസ് യുവിന്റെ പുതിയ ബാനറിലുളളതെന്നും ആര്‍ഷോ വിമര്‍ശിച്ചു.


എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ഫേസ്ബുക്ക് കുറിപ്പ് 


മഹാരാജാസിലെ കെ.എസ്.യു തന്നെ സമ്മതിച്ചു തന്ന സ്ഥിതിക്ക് SFI - ക്ക് ഇതിനു മുകളില്‍ ഒന്നും പറയാനില്ല.1970-ല്‍ രൂപം കൊണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിപ്ലവ പ്രസ്ഥാനമായ SFI അടിയന്തരാവസ്ഥയുടെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ കണ്ട നാളുകളിലൂടെയാണ് ഇന്ത്യന്‍ ക്യാമ്പസുകളിലും ഇന്ത്യന്‍ തെരുവുകളിലും ജീവോര്‍ജ്ജമാര്‍ജിച്ചത്.

 

തുടര്‍ന്ന് കേരളത്തിലെ ക്യാമ്പസുകള്‍ കഠാരയുടെ രാഷ്ട്രീയം കൊണ്ട് അടക്കി ഭരിച്ച കെ.എസ്.യു ക്രിമിനലുകളുടെ ഗൂണ്ടാ പടക്ക് മുന്നില്‍ മുഷ്ടി ചുരുട്ടിയാണ് ഇന്ന് കേരളത്തിലെ മുഴുവന്‍ കലാലയങ്ങളിലും SFI- യുടെ നക്ഷത്രാങ്കിത ശുഭ്രാ പതാക ഉയര്‍ന്നു പാറി കേരളത്തിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ പിന്തുണയുള്ള സമര സംഘടനയായി മാറിയത്. ആ വഴിത്താരയില്‍ കെ.എസ്. യുവിന്റെ കഠാരയുടെ രാഷ്ട്രീയത്തിന് മുന്നില്‍ പിടഞ്ഞു വീണത് അനേകം SFI രക്തസാക്ഷികളുടെ ജീവനാണ്.

 

തെരഞ്ഞെടുപ്പില്‍ കൃതിമം കാണിച്ചത് കോടതി കണ്ടെത്തുകയും തെരഞ്ഞെടുപ്പ് റദ്ധാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യത്തെ പൂട്ടിയിടുന്നത്. ഏകാധിപത്യ ഫാഷിസത്തിന്റെ ഇരുണ്ട ദിനങ്ങളില്‍ അമ്മയും മകനും കൂടി കാട്ടി കൂട്ടിയ ക്രൂര വിനോദങ്ങള്‍ ഇന്ത്യ ഇനിയും മറക്കാറായിട്ടില്ല. പ്രതിപക്ഷ ശബ്ദത്തെ ഒന്നടങ്കം തടവിലിട്ടും, തെരുവിലിട്ടും കൊന്ന് കൂട്ടിയ ആ ഇന്ദിരാ ഭരണത്തോട് ക്യാമ്പസിലും തെരുവിലും നേരിട്ട് പൊരുതി ജനാധിപത്യ ശബ്ദമുയര്‍ത്തി കൊണ്ടാണ് SFI വളര്‍ന്ന് വന്നത്. അന്ന് പോലും SFI - യെ നിരോധിക്കാന്‍ ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല.

 


സോണിയാ - രാഹുല്‍ ഗാന്ധിമാരെ കള്ളപ്പണ കേസില്‍ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ സമരം ചെയ്ത ഹൈബി ഈഡന്‍ തനിക്ക് ലഭിച്ച ഇടവേളയില്‍ പാര്‍ലിമെന്റിലെത്തിയപ്പോള്‍ ആവശ്യപ്പെട്ട സുപ്രധാനമായ കാര്യമായിരുന്നു SFI - യെ നിരോധിക്കുക എന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ എഴുതി കൊടുക്കുന്നത് പാര്‍ലിമെന്റില്‍ ഏറ്റു പറയുന്ന കേന്ദ്ര മന്ത്രിമാരുമായുള്ള ബന്ധത്തിന്റെ ഓര്‍മ്മയുടെ പുറത്ത് ഹൈബി ഈഡന് പാര്‍ലിമെന്റില്‍ തോന്നിയ വഷളത്തരത്തോടുള്ള രാഷ്ട്രീയ മറുപടിയാണ് മഹാരാജാസിലെ SFI സഖാക്കള്‍ ഉയര്‍ത്തിയ 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് ' എന്ന ബാനര്‍.

 

എന്നാല്‍ മഹാരാജാസിലെ KSU അതിനെ നേരിട്ടത് ഇന്ദിരയേയും ഈഡനേയും ജനഹൃദയങ്ങളില്‍ കുടിയിരുത്തിക്കൊണ്ട് പൈങ്കിളി വല്‍ക്കരിച്ചാണ്. ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാഷിസം ആണെന്ന് വീണ്ടുമോര്‍മ്മിപ്പിച്ച SFI- യ്ക്ക് കെ.എസ്.യു നല്‍കിയ മറുപടി വളരെ രസകരമാണ്. 'ഇന്ത്യ എന്നാല്‍ ഇന്ദിര ആണെന്നും ഇന്ദിരാ എന്നാല്‍ ഇന്ത്യ ആണെന്നും ' പഴയ ഇന്ദിരാ കോണ്‍ഗ്രസുകാര്‍ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ.എസ്. യുവിന് മറുപടിയായി പറയാനുള്ളത്.

 

 

 

OTHER SECTIONS