'മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം'; കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്‌ഐ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്യാമ്പസ് സന്ദര്‍ശിക്കാനിരിക്കെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ബാനറുകള്‍ ഉയര്‍ത്തി.

author-image
Priya
New Update
'മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം'; കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്‌ഐ

 

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്യാമ്പസ് സന്ദര്‍ശിക്കാനിരിക്കെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ബാനറുകള്‍ ഉയര്‍ത്തി.

ചാന്‍സലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം, സംഘി ചാന്‍സലര്‍ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് എസ്എഫ്‌ഐ ഉയര്‍ത്തിയത്.

സര്‍വകലാശാലയുടെ പ്രവേശന കവാടം പൊളിച്ചിരുന്ന ഭാഗത്തായാണ് ആദ്യത്തെ ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സമാധാനപരമായി ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ഹസന്‍ പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചാന്‍സലര്‍ക്കെതിരെയാണ് തങ്ങളുടെ സമരം. കേരളത്തിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ എത്തിയാല്‍ പ്രതിഷേധമുണ്ടാകും. എസ്എഫ്‌ഐ ഘടകങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമരമാണ് നടത്തുകയെന്നും ഹസന്‍ വ്യക്തമാക്കി. എസ്എഫ്‌ഐയുടെ സംസ്ഥാന കേന്ദ്ര നേതാക്കളാകെ അണിനിരന്നുള്ള പ്രതിഷേധത്തിനാണ് തീരുമാനം.

ഇന്ന് വൈകുന്നേരമാണ് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തുന്നത്. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ ആണ് ഗവര്‍ണര്‍ തങ്ങുക. പ്രതിഷേധം കണക്കിലെടുത്ത് കൊണ്ടോട്ടി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

calicut university governor sfi