ശശികലക്ക് പിന്നാലെ മുഖ്യമന്ത്രി പളനിസ്വാമിയും പാര്‍ട്ടിക്ക് പുറത്ത്

By Shyma Mohan.17 Feb, 2017

imran-azhar


    ചെന്നൈ: കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശശികലയുടെ അടുത്ത അനുയായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടിയില്‍ പുറത്താക്കി പനീര്‍ശെല്‍വം വിഭാഗം. അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറിയായിരുന്ന ശശികല പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ പാര്‍ട്ടി പ്രസിഡീയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് പളനിസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്. ശശികല, ശശികലയുടെ മരുമകനും ഡെപ്യൂട്ടി ജറല്‍ സെക്രട്ടറിയുമായ ടി.ടി.വി ദിനകരന്‍, മറ്റൊരു ബന്ധു വെങ്കിടേഷ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പളനിസ്വാമിയെയും പുറത്താക്കിയതായി മധുസൂദനന്‍ അറിയിച്ചത്. പളനിസ്വാമിക്ക് പുറമെ, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, മന്ത്രിമാരായ ദിണ്ടിഗല്‍ സി ശ്രീനിവാസന്‍, പി.തങ്കമണി, ഷണ്‍മുഖം, കെ.രാജു, ഉദയകുമാര്‍, രാജ്യസഭ എം.പി നവനീതകൃഷ്ണന്‍ എന്നിവരെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. പളനിസ്വാമിയും കൂട്ടരും പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നെന്നും പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ഇവരെ പുറത്താക്കുന്നതെന്ന് മധുസൂദനന്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ശശികല മധുസൂദനനെ പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് കെ.എ സെങ്കോട്ടയ്യനെ പ്രസീഡിയം ചെയര്‍മാനാക്കി നിയമിച്ചത്. പാര്‍ട്ടി നയങ്ങള്‍ തെറ്റിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നായിരുന്നു ശശികല മധുസൂദനനെതിരെ ഉന്നയിച്ച ആരോപണം. അതേസമയം നാളെ നടക്കാനിരിക്കുന്ന നിര്‍ണ്ണായക വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ തീരുമാനിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ വൈകിട്ട് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് എടപ്പാടി പളനിസ്വാമി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനം എടുത്തത്. നിയമസഭയില്‍ 98 എം.എല്‍.എമാരാണ് ഡി.എം.കെക്കുള്ളത്. ഡി.എം.കെ നിലപാടിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ 8 എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. പളനിസ്വാമി വിഭാഗത്തിന് 123 എം.എല്‍.എമാരുടെ പിന്തുണയും പനീര്‍ശെല്‍വം വിഭാഗത്തിന് ഫലത്തില്‍ 11 എം.എല്‍.എമാരുടെ പിന്തുണയുമാണുള്ളത്. നേരത്തെ വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റില്‍ വേണമെന്ന് സ്പീക്കര്‍ ധനപാലനോട് പനീര്‍ശെല്‍വം വിഭാഗം ആവശ്യപ്പെട്ടിരുന്നു.  

loading...