കാറ്റാടിമത്തിനുമേല്‍ കത്തിവച്ചു; കാപ്പില്‍ തീരം കടലാക്രമണ ഭീതിയില്‍

By കലാകൗമുദി ലേഖകൻ.17 10 2018

imran-azhar

 
 

വര്‍ക്കല : നിരപ്പേറിയ കടല്‍പുറത്തിനു പുറമെ സമാന്തരമായി കിടക്കുന്ന കായല്‍ തീരവും സംരക്ഷിക്കുന്ന എന്ന ലക്ഷ്യത്തോടെ വച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ചു മാറ്റല്‍ ഭീതിയില്‍. കടാലാക്രമണത്തെ പ്രതിരോധിക്കുവാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആവിഷ്‌ക്കരിച്ച ഹരിതതീരം പദ്ധതി പ്രകാരം കാപ്പില്‍ തീരത്ത് വച്ച് പിടിപ്പിച്ച കാറ്റാടി മരങ്ങളാണ് ഭീഷണി നേരിടുന്നത്.


കഴിഞ്ഞ രണ്ടുമാസത്തിനുള്ളിലായി ഡസനിലേറെ കാറ്റാടി മരങ്ങളാണ് രാത്രിയില്‍ ഇവിടെ നിന്നും മുറിച്ചു കടത്തപ്പെട്ടത്. കാറ്റാടി കഴകള്‍ ആവശ്യക്കാര്‍ക്കെത്തിച്ച് പണം തട്ടുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്ന ആരോപണം ശക്തമാണ്.

 


അനധികൃത മണലൂറ്റലും കടല്‍ക്കാടുകളുടെ പിഴുതുമാറ്റലിന് വഴിവച്ചിരിക്കുകയാണ്. രണ്ടേക്കറിലേറെ വ്യാപിച്ചു കിടന്ന കണ്ടലുകള്‍ ഇന്ന് വൃത്താകൃതിയിലേയ്ക്ക് ചുരുങ്ങിയ അവസ്ഥയിലാണ്. സുനാമി പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി തീരാ സംരക്ഷണാര്‍ത്ഥം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരായിരുന്നു ഹരിത തീരം പദ്ധതി ആവിഷ്‌ക്കരിച്ചത്. വനം-മത്സ്യബന്ധന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ നടപ്പിലാക്കിയ തീരദേശ വനവല്‍ക്കരണ പദ്ധതി ഇതോടെ താളം തെറ്റിയ അവസ്ഥയിലാണ്.


കാപ്പില്‍ പാലം മുതല്‍ ഇടവ വെറ്റക്കട മുസ്ലിം ജമാഅത്ത് വലിയ പള്ളിക്ക് പിന്‍വശം കായലും കടലും ചേരുന്നിടത്താണ് ഇരുപതിനായിരത്തോളം തൈകള്‍ വച്ച് പിടിപ്പിച്ചിരുന്നത്. ഇവ സംരക്ഷിക്കുന്നതിനായി പഞ്ചായത്ത് അംഗം അദ്ധ്യക്ഷനായുള്ള തീര വനവല്‍ക്കരണ സമിതിക്കായിരുന്നു.


എന്നാല്‍ ആരംഭ ദിശയില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന സമിതിക്ക് മാറി വന്ന പഞ്ചായത്ത് ഭരണത്തില്‍ നോക്കുകുത്തിയാകാനേ കഴിഞ്ഞുള്ളു. ഇത്തരം ഒരു സമിതിയുടെ സാധ്യതയെക്കുറിച്ചോ ബാധ്യതയെ കുറിച്ചോ ഭരണ പ്രതിപക്ഷ കഷികള്‍ക്കിടയില്‍ വ്യക്തതയുമില്ല.


എന്നാല്‍ തീരദേശ ടൂറിസത്തിന്റെ സാധ്യതകളേറെയുള്ള കാപ്പില്‍ തീരത്ത് ആവാസ വ്യവസ്ഥയ്ക്ക് കൂടി ഭീഷണിയായി മാറിയ കയ്യേറ്റ ലോബി കടല്‍ക്ഷോഭത്തിന്റെ തീവ്രത കൂട്ടുന്ന പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിയുന്നത് ആശങ്കയോടെയാണ് തീരദേശ വാസികള്‍ കാണുന്നത്.

 

 

 

OTHER SECTIONS