രണ്ടാം കോവിഡ് വ്യാപനം ഉയര്‍ന്നു, യുകെയില്‍ കൂടുതല്‍ നിയന്ത്രണം

By Rajesh Kumar.22 09 2020

imran-azhar

 


ലണ്ടന്‍: യുകെയില്‍ രണ്ടാം കോവിഡ് വ്യാപനം ഉയര്‍ന്നതോടെ നിയന്ത്രണ നിര്‍ദേശങ്ങളുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സാധ്യമാകുന്നത്ര വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

 

പമ്പുകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയ്ക്കും സമയപരിധി ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ രാത്രി പത്തുമണി വരെ മാത്രമേ ഇവ തുറന്നുപ്രവര്‍ത്തിക്കാവൂ. എന്നാല്‍, സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും.

 

നിലവില്‍ യുകെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. രണ്ടാം കോവിഡ് തരംഗം ഉയര്‍ന്നതോടെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍, ഈ വര്‍ഷം മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയതുപോലുള്ള സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാവില്ല.

 

ആഴ്ചകള്‍ക്കു മുമ്പാണ് നിയന്ത്രണത്തില്‍ ഇളവുകള്‍ വരുത്തിയത്. അതിനിടെയാണ് രണ്ടാം കോവിഡ് വ്യാപനം ശക്തമായത്. മാത്രമല്ല, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കോവിഡ് മരണനിരക്ക് ഉയരുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പും നല്‍കി. യൂറോപ്പില്‍ കോവിഡ് ഏറ്റവും അധികം ജീവനുകള്‍ അപഹരിച്ചത് യുകെയിലാണ്. മരണനിരക്കില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തായിരുന്നു യുകെ.

 

ഒക്ടോബര്‍ പകുതിയോടെ ദിനംപ്രതി 50,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് യുകെയിലെ ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

 

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കാത്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 

കോവിഡിനെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാരിനു കോവിഡ് പ്രതിരോധത്തില്‍ നിയന്ത്രണം നഷ്ടമായെന്നും പരിശോധന ഏറ്റവും ആവശ്യമുള്ള സമയത്ത് പരിശോധനാ സംവിധാനം തകര്‍ന്നതായും പ്രതിപക്ഷ നേതാവ് കെയ് ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

 

 

 

OTHER SECTIONS