ശിവഗിരി തീര്‍ത്ഥാടനം: കൊടിക്കയര്‍ ശ്രീശക്തീശ്വര ക്ഷേത്രത്തില്‍ നിന്ന്

91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ധര്‍മ്മപതാക ഉയര്‍ത്തുന്നതിനുള്ള കൊടിക്കയര്‍ കളവംകോടം ശ്രീശക്തീശ്വര ക്ഷേത്രത്തില്‍ നിന്നും നാളെ പുറപ്പെടും.

author-image
Web Desk
New Update
ശിവഗിരി തീര്‍ത്ഥാടനം: കൊടിക്കയര്‍ ശ്രീശക്തീശ്വര ക്ഷേത്രത്തില്‍ നിന്ന്

തിരുവനന്തപുരം: 91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ധര്‍മ്മപതാക ഉയര്‍ത്തുന്നതിനുള്ള കൊടിക്കയര്‍ കളവംകോടം ശ്രീശക്തീശ്വര ക്ഷേത്രത്തില്‍ നിന്നും നാളെ പുറപ്പെടും. ചേര്‍ത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊടിക്കയര്‍ പദയാത്ര 29ന് വൈകിട്ട് ശിവഗിരി മഠത്തില്‍ എത്തിച്ചേരും.

തീര്‍ത്ഥാടന നഗരിയില്‍ ഉയര്‍ത്താനുള്ള ധര്‍മ്മ പതാക ഗുരുദേവന്‍ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിട നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ നിന്നും കോട്ടയം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ 29ന് വൈകിട്ട് അഞ്ചിന് ശിവഗിരി മഠത്തില്‍ എത്തിച്ചേരും. തീര്‍ത്ഥാടന വേദിയില്‍ ജ്വലിപ്പിക്കാനുള്ള ദിവ്യജ്യോതിസ് 26ന് രാവിലെ ഏഴിന് കണ്ണൂര്‍ തളാപ്പ് ശ്രീസുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് 29ന് വൈകിട്ട് അഞ്ചിന് ശിവഗിരിയില്‍ എത്തിച്ചേരും.

തീര്‍ത്ഥാടന സമ്മേളന വേദിയില്‍ സ്ഥാപിക്കുന്നതിനുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹം എഴുന്നള്ളിച്ചുകൊണ്ടുള്ള രഥയാത്ര തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ച ഇലവുംതിട്ട, കേരളവര്‍മ്മ സൗധത്തില്‍ നിന്നും 28ന് തിരിച്ച് 29ന് മഹാസമാധിയില്‍ എത്തിച്ചേരും.

 

കലാപരിപാടികളുടെ ഉദ്ഘാടനം 30ന്

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ ദേവന്‍ നിര്‍വഹിക്കും. വൈകിട്ട് 7ന് നടക്കുന്ന ചടങ്ങില്‍ കാളിദാസ കലാകേന്ദ്രം ചെയര്‍മാന്‍ ഇ.എ. രാജേന്ദ്രന്‍ പങ്കെടുക്കും. തുടര്‍ന്ന് എസ്എസ്എന്‍എംഎം ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാം നടക്കും.

രാത്രി 9.30ന് എസ്.ആര്‍. കാവ്യമയി അവതരിപ്പിക്കുന്ന ഡാന്‍സ്, 10ന് അലോഷി ആദംസ് ആന്‍ഡ് ആവണി മല്‍ഹാര്‍ അവതരിപ്പിക്കുന്ന മെഹ്ഫില്‍, പുലര്‍ച്ചെ ഒന്നിന് കായിക്കര ബിപിന്‍ ചന്ദ്രപാല്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം, ചണ്ഡാലഭിക്ഷുകി. പുലര്‍ച്ചെ രണ്ടിന് പ്രേംജി.കെ. ഭാസി അവതരിപ്പിക്കുന്ന സംഗീത സദസ്.

31ന് രാത്രി എട്ടിന് നടി നവ്യാനായര്‍ അവതരിപ്പിക്കുന്ന ഡാന്‍സ്. രാത്രി 10ന് മജീഷ്യന്‍ മനു മങ്കൊമ്പും സന്തോഷ് സാരധിയും അവതരിപ്പിക്കുന്ന മാജിക്കല്‍ വണ്ടേഴ്‌സ് വിത്ത് ഫോക്ക് ഡാന്‍സ്, പുലര്‍ച്ചെ ഒന്നിന് പത്തനാപുരം ഗാന്ധിഭവന്‍ അവതരിപ്പിക്കുന്ന നാടകം നവോത്ഥാനം.

ജനുവരി ഒന്നിന് രാത്രി എട്ടിന് ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിക്കുന്ന വെറൈറ്റി കള്‍ച്ചറല്‍ പ്രോഗ്രാം, രാത്രി 10ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം കുമാരി മേഘ്‌നയും ആര്യ കൊല്ലവും അവതരിപ്പിക്കുന്ന ഗാനമേള. പുലര്‍ച്ചെ 12.30ന് നാടന്‍പാട്ട്, പുലര്‍ച്ചെ രണ്ടിന് നാടകം-ഊഴം.

sivagiri Latest News newsupdate