വിഷംകലര്‍ന്ന ചപ്പാത്തി കഴിച്ച് ജഡ്ജി മരിച്ച സംഭവം, സ്ത്രീയുള്‍പ്പടെ ആറുപേര്‍ അറസ്റ്റില്‍

By online desk .31 07 2020

imran-azhar

 

 

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയും പൂജാരിയും ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. വിഷം ചേര്‍ത്ത ഗോതമ്പ് പൊടികൊണ്ടുണ്ടാക്കിയ ചപ്പാത്തി കഴിച്ചാണ് ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും 33 വയസ്സുളള അദ്ദേഹത്തിന്റെ മകനും മരിച്ചതെന്ന് കണ്ടെത്തി. ചിന്ദ്വാര ജില്ലയില്‍ ഒരു എന്‍ജിഒ നടത്തുന്ന സന്ധ്യ സിംഗ് വിഷം കലര്‍ത്തിയ ഗോതമ്പുപൊടി കുടുംബത്തിന് നല്‍കുകയായിരുന്നെന്ന് പെ്ാലീസ് പറയുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിനും കെട്ടുറപ്പിനുമായി നടത്തിയ പൂജയുടെ പ്രസാദമാണ് എന്ന് പറഞ്ഞാണ് ഇത് കൊടുത്തത്.

 

ജൂലായ് 20-ന് പൂജയ്ക്ക് ശേഷമാണ് ഗോതമ്പ് പൊടി ജഡ്ജി വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. അന്നുതന്നെ അത്താഴത്തിന് അതേ മാവ് ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുകയും ചെയ്തു. ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജൂലായ് 25 ആയപ്പോഴേക്കും ഇരുവരുടേയും നില ഗുരുതരമായി. തുടര്‍ന്ന് ഇവരെ നാഗ്പുരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആശുപത്രിയിലേക്കുളള വഴിമധ്യേ മകന്‍ മരിച്ചു. ഞായറാഴ്ചയാണ് ജഡ്ജി മരിച്ചത്. ത്രിപാഠിയുടെ ഇളയമകന്‍ ആശിഷിനും ചപ്പാത്തി കഴിച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കിലും ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.


സന്ധ്യ സിംഗ് ജഡ്ജിയെയും കുടുംബത്തേയും ഉ•ൂലനം ചെയ്യാന്‍ കരുതിക്കൂട്ടിയാണ് വിഷം നല്‍കുയതെന്ന് എസ്.പി.സിമല പ്രസാദ് പറയുന്നു. ത്രിപാഠി ചിന്ദ്വാരയില്‍ നിയമിതനായപ്പോഴാണ് സന്ധ്യയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളായി. എന്നാല്‍ ത്രിപാഠിയുടെ കുടുംബം അദ്ദേഹത്തിനൊപ്പം താമസിക്കാനെത്തിയതോടെ സന്ധ്യക്ക് നാലുമാസമായി ത്രിപാഠിയെ കാണാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ നിരാശയില്‍ ജഡ്ജിയുടെ കുടുംബത്തെ കൊല്ലാന്‍ സന്ധ്യ തീരുമാനിക്കുകയായിരുന്നു.

 

പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനുളള പൂജയ്ക്കായി ഗോതമ്പ് മാവ് വേണമെന്ന് സന്ധ്യ ത്രിപാഠിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇതില്‍ വിഷം കലര്‍ത്തി തിരികെ നല്‍കി.
സന്ധ്യയെയും ഡ്രൈവര്‍ സഞ്ജുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുപ്രതികളായ ദേവിലാല്‍ ചന്ദ്രവംശി, മുബിന്‍ഖാന്‍, കമല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പൂജാരി ബാബ രാംദയാലിനെയും പിന്നീട് അറസ്റ്റ് ചെയ്തു.

 

 

OTHER SECTIONS