കായംകുളം താപനിലയത്തില്‍ നിന്ന് അടുത്ത വര്‍ഷം സൗരവൈദ്യൂതി

By online desk .14 02 2020

imran-azhar

 

ആലപ്പുഴ:കായംകുളം താപവൈദ്യുതി നിലയത്തില്‍ നിന്ന് സൗരോര്‍ജ്ജ പദ്ധതിയില്‍ 92 മെഗാവാട്ട് വൈദ്യുതി അടുത്ത വര്‍ഷം മുതല്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് എന്‍ടിപിസി അധികൃതര്‍ അറിയിച്ചു. 2021 മേയില്‍ കെഎസ്ഇബിക്ക് പദ്ധതി കൈമാറും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്‌ളോട്ടിംഗ് സോളാര്‍ പാനലിലൂടെയാണ് ഉല്‍പ്പാദനം. 70,22 മെഗാവാട്ടുകളുടെ രണ്ട് പദ്ധതികളാണ് നിര്‍മാണം ആരംഭിച്ചത്. 70 മെഗാവാട്ടിന് ടാറ്റയുമായും 22 മെഗാവാട്ടിന് ബിഎച്ച് ഇഎല്ലുമായാണ് നിര്‍മാണത്തിന് കരാറായിരിക്കുന്നത്. 493 കോടിരൂപയാണ് മുടക്ക്.

 

2020 അവസാനത്തോടെ ഭാഗികമായി ഉല്‍പ്പാദനം തുടങ്ങും. 2021 മെയില്‍ പൂര്‍ണ്ണതോതില്‍ കെഎസ്ഇബിക്ക് കൈമാറും. യൂണിറ്റിന് 3.16 പൈസയ്ക്കാണ് സര്‍ക്കാരുമായി കരാര്‍. അടുത്ത 25 വര്‍ഷത്തേക്ക് ഈ നിരക്കില്‍ എന്‍ടിപിസി സംസ്ഥാനത്തിന് വൈദ്യുതി നല്‍കും. നിലവില്‍ നാഫ്ത പ്ലാന്റാണ് താപനിലയത്തിലുള്ളത്. ഇതിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നില്ല. ദ്രവീകൃത ഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന് ഇപ്പോള്‍ പദ്ധതിയില്ല. നിലവില്‍ എന്‍ടിപിസിക്ക് മറ്റു സംസ്ഥാനങ്ങളില്‍ ഗ്യാസ് അധിഷ്ഠിത പ്ലാന്റുകളുണ്ട്.

 

അവിടങ്ങളില്‍ ഗ്യാസ് എത്തിക്കുന്നതിനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. കായംകുളം പ്രദേശത്തേക്ക് കൊച്ചിയില്‍ നിന്ന് ഗ്യാസ് എത്തിക്കണമെങ്കില്‍ 100 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണം. കെഎസ്ഇബി വൈദ്യുതി ആവശ്യപ്പെടാത്തതിനാല്‍ നിലയം അടച്ചിട്ടിരിക്കുകയാണ്. നാല് വര്‍ഷത്തിനിടയില്‍ 2016ല്‍ ഒരാഴ്ചയും 2017ല്‍ രണ്ടുദിവസവും മാത്രമാണ് നിലയം പ്രവര്‍ത്തിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി രണ്ടിന് നിലയത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ നാലുമണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചു.

 

ഇന്ധനമായി മെഥനോള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത, ഉല്‍പ്പാദന ചെലവ്, വ്യാവസായികാടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവിലുള്ള ഉല്‍പ്പാദനം തുടങ്ങിയ കാര്യങ്ങളില്‍ പരീക്ഷണങ്ങളും നടക്കുന്നുണ്ട്. കായലിന്റെ ഇരുവശത്തും ബണ്ടുകെട്ടി സംരക്ഷിക്കുന്ന കാര്യവും പരിഗണനയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയപോലെ ഈ വര്‍ഷവും സാമൂഹ്യനന്മക്കുള്ള കാര്യങ്ങളും നടപ്പാക്കുമെന്ന് നിലയം ജനറല്‍ മാനേജര്‍ ബി വി കൃഷ്ണ, എം ബാലസുന്ദരം, വി വി കുര്യന്‍, ഉത്തര ഏറാടി, ബിജു ശാമുവേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

 

 

OTHER SECTIONS