By online desk .28 11 2020
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനുള്ള പട്ടിക ജില്ലയില്‍ നാളെ മുതല്‍ തയാറാക്കുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ പറഞ്ഞു. പട്ടികയുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ പോളിംഗ് ഓഫിസര്‍മാര്‍ കോവിഡ് ബാധിതരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും വീടുകളില്‍ തപാല്‍ ബാലറ്റ് എത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സ്പെഷ്യല്‍
തപാല്‍ വോട്ട് നല്കുന്ന പ്രക്രിയയ്ക്കായി കളക്ടറേറ്റില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു.
ആരോഗ്യ വകുപ്പ് നിയമിക്കുന്ന ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ തയാറാക്കി നല്കുന്ന കോവിഡ് ബാധിതരുടേയും ക്വാറന്റൈനിലുള്ളവരുടേയും പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) കളക്ടറേറ്റില്‍നിന്നു ബ്ലോക്ക് പഞ്ചായത്ത്, കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്കു നല്‍കും. അവര്‍ പട്ടിക പരിശോധിച്ച് ഉറപ്പാക്കി ബന്ധപ്പെട്ട സ്പെഷ്യല്‍ പോളിംഗ് ഓഫിസര്‍ക്കു ബാലറ്റ് പേപ്പര്‍ നല്‍കും. നാളെ മുതല്‍ ഡിസംബര്‍ ഏഴിനു വൈകിട്ടു മൂന്നു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റിവ് ആയിരിക്കുന്നവരുടേയും ക്വാറന്റൈനിലുള്ളവരുടേയും പട്ടികയാകും ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ തയാറാക്കുക. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍ വോട്ടെടുപ്പു നടക്കുന്ന ഡിസംബര്‍ എട്ടിനു മുന്‍പ് കോവിഡ് മുക്തനായാലും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. അവര്‍ തപാല്‍ വോട്ട് തന്നെ ചെയ്യണം. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് ക്വാറന്റൈന് കാലാവധി വോട്ടെടുപ്പിനു പൂര്‍ത്തിയാക്കുന്നവര്‍ക്കും ഇതു ബാധകമാണ്.
ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ നാളെ തയാറാക്കി കളക്ടര്‍ക്കു നല്‍കും. തുടര്‍ന്ന് ഡിസംബര്‍ ഏഴിനു വൈകിട്ടു മൂന്നു വരെയുള്ള ദിവസങ്ങളിലും ഓരോ ദിവസത്തെയും സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡിസംബര്‍ ഏഴിനു വൈകിട്ടു മൂന്നു വരെയുള്ള ദിവസങ്ങളിലും കൈമാറും. സ്പെഷ്യല്‍ പോളിങ് ഓഫിസര്‍, സ്പെഷ്യല്‍ പോളിങ് അസിസ്റ്റന്റ്, ഒരു സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവരടങ്ങുന്ന ടീമാണ് ബാലറ്റ് പേപ്പറുകള്‍ വോട്ടര്‍ക്കു നല്‍കുന്നത്. വോട്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി സീല്‍ ചെയ്ത കവറില്‍ സ്പെഷ്യല്‍ പോളിങ് ഓഫിസറുടെ കൈവശം കൊടുക്കുകയോ തപാലില്‍ റിട്ടേണിങ് ഓഫിസര്‍ക്ക് നേരിട്ട് അയക്കുകയോ ചെയ്യാം. തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ളവരും നിലവില്‍ കോവിഡ് ബാധിച്ചോ ക്വാറന്റൈനിലായോ ജില്ലയില്‍ കഴിയുന്നവരുമായ വോട്ടര്‍മാരുടെ സര്‍ട്ടിഫൈഡ് ലിസ്റ്റും തിരുവനന്തപുരത്താകും തയാറാക്കുക. ഇത് ബന്ധപ്പെട്ട ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് അയച്ചുകൊടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.