കാമുകിക്ക് 50 ലക്ഷം നല്‍കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം

By Shyma Mohan.23 Sep, 2017

imran-azhar


    മുംബൈ: കാമുകിയെ സഹായിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ 16കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് 50 ലക്ഷം രൂപ നല്‍കുവാന്‍ സുഹൃത്തിനോടൊപ്പം ചേര്‍ന്ന് പിതാവില്‍ നിന്നും സ്വയം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പതിനാറുകാരന്‍. മഹാരാഷ്ട്രയിലെ പാല്‍ഗാര്‍ ജില്ലയിലെ സക്കിനാക്ക നിവാസിയായ 16കാരനെയും 19കാരനായ സുഹൃത്തിനെയുമാണ് മാനറിലുള്ള ലോഡ്ജില്‍ നിന്നും മുംബൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
    സക്കിനാക്കയില്‍ നിന്നും പതിനാറുകാരനെ തട്ടിക്കൊണ്ടുപോയതായും മോചനത്തിനായി 50 ലക്ഷം രൂപ ആവശ്യപ്പെടുന്നുവെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന പതിനാറുകാരന്റെ അച്ഛനും മോചനദ്രവ്യമായ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം ലഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. 50 ലക്ഷം രൂപയുമായി മാനറിലെത്തണമെന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതെന്നും പോലീസിനെ അറിയിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാനറിലുള്ള ലോഡ്ജില്‍ നിന്നുമാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്ന് കണ്ടെത്തിയത്.
    പോലീസ് നടത്തിയ റെയ്ഡില്‍ ലോഡ്ജിലെ മുറിയില്‍ നിന്നുമാണ് പതിനാറുകാരനെയും തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന പത്തൊമ്പതുകാരനെയും കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിസാര്‍ തമ്പോളി പറഞ്ഞു. ചോദ്യം ചെയ്യലില്‍ പത്തൊമ്പതുകാരന്‍ പതിനാറുകാരന്റെ സുഹൃത്താണെന്നും സുഹൃത്തിനുവേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്നും സമ്മതിച്ചതായി നിസാര്‍ തമ്പോളി പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാമുകിയെ സഹായിക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്ന് പതിനാറുകാരന്‍ പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇരുവരെയും സക്കിനാക്ക പോലീസിന് കൈമാറി.OTHER SECTIONS