മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി ചലച്ചിത്ര അക്കാഡമി; അടച്ചിട്ട എസി മുറിയിലിരുന്ന് ഇഷ്ടക്കാര്‍ക്ക് സിനിമാ കിരീടം ചൂടിക്കാന്‍ ചെയര്‍മാന്‍ കമലും സംഘവും

By online desk.21 03 2020

imran-azhar

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി അടച്ചിട്ട എസി മുറിയിലിരുന്ന് ഇഷ്ടക്കാര്‍ക്ക് സിനിമാ കിരീടം ചൂടിക്കാന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലും സംഘവും. കമലും വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളും എക്‌സിക്യൂട്ടീവ് അംഗം സിബി മലയിലും ചേര്‍ന്ന് അതീവ രഹസ്യമായി ജൂറിയെ നിശ്ചയിക്കുകയും അവരുമായി ബന്ധമുള്ള ആള്‍ക്കാര്‍ക്ക് അവാര്‍ഡ് നല്‍കാനുമാണ് പുതിയ നീക്കം നടത്തുന്നത്. ഈ മാസം 24 മുതല്‍ അവാര്‍ഡിന് മത്സരിക്കുന്ന ചിത്രങ്ങള്‍ ജൂറിയെ കാണിക്കാനാണ് തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തില്‍ ദേശീയ അവാര്‍ഡുകള്‍ പോലും മാറ്റിവച്ചിരിക്കെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിശ്ചയിക്കാന്‍ ചലച്ചിത്ര അക്കാഡമി തീരുമാനിച്ചിരിക്കുന്നത്.

 

മാത്രമല്ല, രാജ്യത്തെ എല്ലാ തിയേറ്ററുകളും അടഞ്ഞുകിടക്കുകയുമാണ്. സാഹചര്യങ്ങള്‍ ഇങ്ങനെയെന്നിരിക്കെയാണ് കമലും സംഘവും ധൃതിപിടിച്ച് അവാര്‍ഡ് നിശ്ചയിക്കാനൊരുങ്ങുന്നത്. കമലിന്റെയും സംഘത്തിന്റെയും പുതിയ നീക്കത്തിന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ പച്ചക്കൊടിയുമുണ്ട്. കൊറോണയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈമാസം 31വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയാണ് ക്രമീകരണമൊരുക്കിയിരിക്കുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടും ധൃതിപിടിച്ച് അവാര്‍ഡ് നിശ്ചയിക്കുന്നത് തന്റെ ഇഷ്ടക്കാര്‍ക്ക് അവാര്‍ഡ് നല്‍കാനാണെന്ന ആരോപണവും ശക്തമായിരിക്കുകയാണ്.

 

ചലച്ചിത്ര അക്കാഡമിയില്‍ ഇഷ്ടക്കാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കാനായി കമലും ബീനാ പോളും സിബി മലയിലും മന്ത്രിക്കു മുന്നില്‍ രാജിഭീഷണി മുഴക്കി സെക്രട്ടറി മഹേഷ് പഞ്ചുവിനെ പുറത്താക്കിയിരുന്നു. ജൂറിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മഹേഷിന്റെ സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായത്. കമലിന്റെ മകന്‍ സംവിധാനം ചെയ്ത ചിത്രവും മത്സരിക്കാനായി അക്കാഡമിയിലേക്ക് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കമല്‍ ജൂറിയെ നിശ്ചയിക്കുന്നത് ശരിയല്ലെന്നായിരുന്നു മഹേഷ് പഞ്ചുവിന്റെ പക്ഷം. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ അദ്ദേഹം ശ്യാമപ്രസാദിനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള പാനല്‍ മന്ത്രിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയിലും ജൂറി മെംബര്‍ എന്ന നിലയിലും സെക്രട്ടറി മഹേഷ് പഞ്ചു നടപടിക്രമം പാലിച്ച് ശ്രീകുമാരന്‍ തമ്പിയെ ചെയര്‍മാനാക്കി ഒരു പാനലും സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിനിടെയാണ് മഹേഷ് പഞ്ചുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കമലും സംഘവും മന്ത്രിക്കു മുന്നിലെത്തിയത്.

 

കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡില്‍ ബീനാ പോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രത്തിന് ആറ് അവാര്‍ഡുകളും കമല്‍ സംവിധാനം ചെയ്ത ആമിക്ക് രണ്ട് അവാര്‍ഡുകളും ലഭിച്ചിരുന്നു. അക്കാഡമി ചെയര്‍മാനും വൈസ് ചെയര്‍മാനുമായി തുടരവെയാണ് ഇത് സംഭവിച്ചത്. ഇതിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇങ്ങനെയൊക്കെ കാര്യങ്ങള്‍ ഉണ്ടായിട്ടും വീണ്ടും ജൂറിയെ നിശ്ചയിക്കാനൊരുങ്ങിയപ്പോഴാണ് മഹേഷ് പഞ്ചു എതിര്‍പ്പുമായി രംഗത്തെത്തിയത്. എന്നാല്‍ മന്ത്രിയെ സ്വാധീനിച്ച് അദ്ദേഹത്തെ പുറത്താക്കുകയാണുണ്ടായത്. പിആര്‍ഡി ഉദ്യോഗസ്ഥന്‍ അജോയ് ചന്ദ്രനാണ് പുതിയ സെക്രട്ടറി. മാത്രമല്ല നടന്‍മാരായ ഇന്ദ്രന്‍സ്, പ്രേംകുമാര്‍, സംവിധായകന്‍ അനില്‍ നാഗേന്ദ്രന്‍, കെ.ആര്‍. നാരായണന്‍, ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, ചലച്ചിത്ര ഫിലിം സൊസൈറ്റിയംഗം ജോര്‍ജ് മാത്യു, എന്നിവരെ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി അക്കാഡമിയെ പുനഃസംഘടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ ചിത്രവും മത്സരവിഭാഗത്തിലുള്ളതിനാല്‍ ഇന്ദ്രന്‍സ് ഇന്നലെ രാജിവച്ചിരുന്നു.

 

 

 

 

 

OTHER SECTIONS