രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,25,101 ആയി; മരണം 3700 കടന്നു

By Akhila Vipin .23 05 2020

imran-azhar

 

 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,25,101 ആയി ഉയർന്നു. മരണം 3700 കടന്നു. 6654 പേർക്കാണ് 24 മണിക്കൂറിനിടയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 137 പേർ രോഗ ബാധയെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. 69597 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 51784 പേർ രോഗമുക്തി നേടി.

 

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ബാധിതരുടെ എണ്ണം 44000 കടന്നു. 2940 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 63 പേർ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1517 ആയി. മുബൈയിൽ 1751 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 27 പേർ കഴിഞ്ഞ ദിവസം മരിച്ചു. 53 പുതിയ കേസുകളാണ് ധാരാവിയിൽ റിപ്പോർട്ട് ചെയ്തത്.

 

തമിഴ്‌നാട്ടിൽ സ്ഥിതി ഗുരുതരമാണ്. 24 മണിക്കൂറിനിടയിൽ 786 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 569 കേസുകൾ ചെന്നൈയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 14753 ആയി ഉയർന്നു. മൊത്തം 98 പേർ മരിച്ചു. ഗുജറാത്തിൽ ഒറ്റ ദിവസത്തിൽ 363 കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. 275 കേസുകൾ അഹമ്മദാബാദിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഇവിടെ 26 പേരാണ് മരിച്ചത്. ഇതോടെ ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 13000 കടന്നു.

 

ഡൽഹിയിലും വൈറസ് ബാധ രൂക്ഷമാകുകയാണ്. ഡൽഹിയിൽ 24 മണിക്കൂറിനിടയിൽ 660 പുതിയ പോസിറ്റീവ് കേസുകളും 14 മരണവുമാണ് ഉണ്ടായത്. രാജസ്ഥാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 6494 ആയി. ഉത്തർപ്രദേശിൽ 5735 പേരാണ് രോഗബാധിതർ.

 

 

 

 

OTHER SECTIONS