അമേരിക്കയുമായി തന്ത്രപ്രധാന പങ്കാളിത്തത്തെക്കാള്‍ വേണ്ടത് ഇന്ത്യക്കാരുടെ സുരക്ഷ: സുഷമ സ്വരാജ്

By Shyma Mohan.20 Mar, 2017

imran-azhar


ന്യൂഡല്‍ഹി: അമേരിക്കയുമായി തന്ത്രപ്രധാന പങ്കാളിത്തത്തെക്കാള്‍ വേണ്ടത് ഇന്ത്യക്കാരുടെ സുരക്ഷയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം രണ്ടാമത്തെ കാര്യമാണെന്നും അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും സുഷമ സ്വരാജ് പറഞ്ഞു. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ പേരില്‍ ഇന്ത്യക്കാര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ മിണ്ടാതിരിക്കാനാവില്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു. സുഷമ സ്വരാജിന്റെ വാക്കുകളെ കയ്യടിയോടെ സഭാംഗങ്ങള്‍ വരവേറ്റത്. അടുത്തിടെയായി അമേരിക്കയില്‍ തുടര്‍ച്ചയായി ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സുഷമ സ്വരാജ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  കഴിഞ്ഞ മാസം 22ന് കാന്‍സാസില്‍ 32കാരനായ ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിബോട്‌ലയെ വെടിവെച്ചു കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന മറ്റൊരു ഇന്ത്യക്കാരന്‍ അലോക് മാഡസാനിക്കെതിരെയും ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 2ന് സൗത്ത് കരോലിനയില്‍ ഹര്‍നീഷ് പട്ടേല്‍ എന്ന യുവാവിനെയും അജ്ഞാതര്‍ വെടിവെച്ച് കൊന്നിരുന്നു. ഹര്‍നീഷ് പട്ടേലിന് നേരെ നടന്ന ആക്രമണത്തിന് രണ്ട് ദിവസത്തിനുശേഷം മറ്റൊരു ഇന്ത്യക്കാരനും വെടിയേറ്റിരുന്നു.