ഇറക്കുമതി ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുകള്‍ ഹ്രസ്വകാല ജാമ്യച്ചീട്ട് നല്‍കുന്നത് ആര്‍ബിഐ നിര്‍ത്തലാക്കി

By Ambily chandrasekharan.13 Mar, 2018

imran-azhar


ന്യൂഡല്‍ഹി: ഹ്രസ്വകാല ജാമ്യച്ചീട്ട് നല്‍കുന്നത് ആര്‍ബിഐ നിര്‍ത്തലാക്കി. ഇറക്കുമതി ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുകള്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (ഹ്രസ്വകാല ജാമ്യച്ചീട്ട്) നല്‍കുന്ന രീതിയാണ് ആര്‍ ബി ഐ നിര്‍ത്തലാക്കിയിരിക്കുന്നത്. ആര്‍ ബി ഐയുടെ ഈ നടപടി 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ്.പി എന്‍ ബി നല്‍കിയ എല്‍ ഒ യു ഉപയോഗിച്ചാണ് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശത്തുള്ള ശാഖയില്‍നിന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയശേഷം ഇവര്‍ ഒന്നിച്ച് നാടുവിടുകയും ചെയ്തതോടെയാണ് തുകയുടെ മുഴുവന്‍ ബാധ്യതയും പി എന്‍ ബിയുടെ മേല്‍ വന്നെത്തിയത്. പിന്നീട് ഇതേ തുടര്‍ന്നാണ് എല്‍ ഒ യു നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചത്. നയം ഉടന്‍തന്നെ നിലവില്‍ കൊണ്ടുവരുമെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നു.

ഉപഭോക്താവിന്റെ ഇറക്കുമതി ആവശ്യത്തിനു വേണ്ടി ഒരു ബാങ്ക് മറ്റൊരു ഇന്ത്യന്‍ ബാങ്കിന്റെ വിദേശത്തുള്ള ശാഖയില്‍നിന്ന് ഹ്രസ്വകാല ആവശ്യത്തിന്(ഇറക്കുമതി)പണം സമാഹരിക്കാന്‍ ജാമ്യം നില്‍ക്കുകയാണ് എല്‍ ഒ യുവിലൂടെ ചെയ്യുന്നത്. വിദേശ കറന്‍സിയാണ് എല്‍ ഒ യുവിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന പണം. ഇത് ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകാരുമായി വിനിമയം നടത്തുകയും ചെയ്യാവുന്നതാണ്.