ആ പിന്‍ഗാമി വിട പറഞ്ഞു

By online desk.19 02 2020

imran-azhar

 മലയാളത്തില്‍ എന്നല്ല, ഇന്ത്യയില്‍ തന്നെ പത്രാധിപര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരാളേയുള്ളൂ, കേരളകൗമുദിയുടെ സ്ഥാപക പത്രാധിപര്‍ പദ്മഭൂഷണ്‍ കെ.സുകുമാരന്‍. പത്രാധിപര്‍ എന്ന പേര്‍ അച്ഛന്‍ അലങ്കരിച്ചിരുന്നില്ലെങ്കില്‍ അതിന് അര്‍ഹതപ്പെട്ട ഒരു പിന്‍ഗാമിയേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹമാണ് കഴിഞ്ഞ ദിവസം അന്തരിച്ച മകന്‍ എം.എസ്. മണി. പേന പടവാളാണ് എന്നെല്ലാം ആലങ്കാരികമായി നാം പറയാറുണ്ട്. പക്ഷേ, ഒരു പത്രവും പത്രാധിപരും എങ്ങനെ പടവാളായി മാറാം എന്നതിന്റെ ഉദാഹരണമായിരുന്നു കേരളകൗമുദിയും അതിന്റെ പത്രാധിപരായിരുന്ന എം.എസ് മണിയും.

 

മന്ത്രിയായിരുന്ന ഡോ.കെജി അടിയോടിയുടെ രാജിയില്‍ കലാശിച്ച കാട്ടുകള്ളന്‍മാര്‍ തുടങ്ങി എത്രയോ മന്ത്രിമാരുടെ രാജിയില്‍ കലാശിച്ച വാര്‍ത്തകള്‍ എംഎസ് മണിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. പ്രീഡിഗ്രി ബോര്‍ഡ് സമരവുമായി ബന്ധപ്പെട്ട് അന്നത്തെ മന്ത്രിയായിരുന്ന ടി എം ജേക്കബിന്റെ രാജി, വാളയാറിലെ ചന്ദന ഫാക്ടറിയുമായി ബന്ധപ്പെട്ട് വനംമന്ത്രിയായിരുന്ന പി ആര്‍ കുറുപ്പിന്റെ രാജി അങ്ങനെ എംഎസ് മണിയുടെ തൂലികയുടെ ചൂട് അറിഞ്ഞ മന്ത്രിമാരും ഉദ്യോഗസ്ഥരും അനവധിയാണ്. സംസ്ഥാന മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ആ ചാട്ടവാറിന്റെ ചൂട് ഏറിയും കുറഞ്ഞും അനുഭവിച്ചിട്ടുള്ളവരാണ്.

 

അതുകൊണ്ടു തന്നെ എം.എസ്. മണി എന്ന പത്രാധിപര്‍ക്ക് മിത്രങ്ങളും ശത്രുക്കളും ഒട്ടനവധിയായിരുന്നു. സാഹിത്യത്തിലും രാഷ്ട്രീയത്തിലും സാമൂഹ്യ മാറ്റങ്ങളിലും ഒരു പത്രത്തിന് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന പരീക്ഷണങ്ങളാണ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന കാലത്ത് കേരളകൗമുദിയിലൂടെയും അതിന് ശേഷം കലാകൗമുദിയിലൂടെയും അദ്ദേഹം നടത്തിയത്. വിശേഷാല്‍പ്രതിക്ക് കഥയില്ലെന്ന് പറഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെ പൂട്ടിയിട്ട് കഥ എഴുതിച്ച കെ.ബാലകൃഷ്ണന്റെ പിന്‍മുറക്കാരനായിരുന്നു എം.എസ്. മണി. കുളത്തൂര്‍ പ്രസംഗത്തിലൂടെ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പത്രാധിപര്‍ സുകുമാരന്റെ മൂത്ത മകന്‍.

 

എല്ലാ അര്‍ത്ഥത്തിലും പത്രാധിപരുടെയും കെ.ബാലകൃഷ്ണന്റെയും പിന്തുടര്‍ച്ചക്കാരനെന്ന് അവകാശപ്പെടാന്‍ കഴിഞ്ഞിരുന്നത് അദ്ദേഹത്തിന് മാത്രമാണ്. മലയാള സാഹിത്യരംഗത്ത് കലാകൗമുദി നല്‍കിയ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. എം ഗോവിന്ദന്‍, എം പി നാരായണപിള്ള, എം വി ദേവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ സാഹിത്യരംഗത്തും എം എസ് മണി, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട മൂവര്‍ സംഘം കലാകൗമുദിയിലും സമ്മേളിച്ചപ്പോള്‍ പുതിയ കഥകളും കവിതകളും മലയാളിക്ക് ലഭിച്ചു. കോവിലന്റെയും ഒ വി വിജയന്റെയും എം ടിയുടെയും എം മുകുന്ദന്റെയും പുതിയ കഥകള്‍ വായിക്കാനായി കലാകൗമുദിക്കായി വായനക്കാര്‍ കാത്തിരുന്നു.

 

എം ടിയുടെ രണ്ടാമൂഴവും ഒ വി വിജയന്റെ കിളിവാതിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലം. ഭാരതപ്പുഴയ്ക്ക് അപ്പുറത്തു പോലും കലാകൗമുദി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലം. അടിയന്തിരാവസ്ഥക്കാലത്ത് ആരംഭിച്ച വാരികയുടെ സര്‍ക്കുലേഷന്‍ ലക്ഷങ്ങളിലേക്ക് കുതിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന മുത്തശ്ശി പ്രസിദ്ധീകരണങ്ങള്‍ പോലും അത്ഭുതപ്പെട്ടു. വിറകുവെട്ടിയുടെയും വെള്ളംകോരിയുടെയും പത്രമാണ് കേരളകൗമുദി എന്ന് ഒന്നാം പേജിലെ എഡിറ്റോറിയലിലൂടെ വെളിപ്പെടുത്താന്‍ ധൈര്യം കാണിച്ച എം.എസ്. മണി അച്ഛനെ പോലെ തന്നെ പദ്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള ഏത് ബഹുമതിക്കും അര്‍ഹനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഈ ബഹുമതികള്‍ക്ക് എംഎസ് മണിയുടെ പേര്‍ ശുപാര്‍ശ ചെയ്തെങ്കിലും അന്നത്തെ രാഷ്ട്രീയ ശത്രുക്കള്‍ അതിന് തടയിട്ടു. ഈ വര്‍ഷവും എംഎസ് മണിയുടെ പേര്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെങ്കിലും കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകളെല്ലാം മടക്കുകയായിരുന്നു.

 


എംഎസ് മണിയുമായി മൂന്ന് പതിറ്റാണ്ടിന്റെ ബന്ധമാണുള്ളത്. വാര്‍ത്തയുടെ പേരില്‍ കലഹിച്ചും സ്നേഹിച്ചും തെറ്റിപ്പിരിഞ്ഞും പോയിട്ടുള്ള അനവധി സന്ദര്‍ഭങ്ങള്‍. അപ്പോഴും ഗുരുവിന്റെ വാത്സല്യത്തിനോ, സ്നേഹത്തിനോ ഒരു കുറവും ഉണ്ടായിട്ടില്ല. ഒരുഘട്ടത്തില്‍ കേരളകൗമുദിയില്‍ നിന്ന് രാജി വച്ച് സ്വന്തമായി പത്രം തുടങ്ങിയപ്പോഴും ആ ബന്ധത്തിന് ഒരു കുറവും ഉണ്ടായില്ല. എന്റെ ചെറിയ പത്രത്തില്‍ നല്ല വാര്‍ത്ത വന്ന സന്ദര്‍ഭങ്ങളില്‍ ആദ്യത്തെ അഭിനന്ദനം അറിയിച്ചത് എന്റെ ഗുരു തന്നെയായിരുന്നു. ഒരു സംഭവം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം.

 

ഒരിക്കല്‍ നോവലിസ്റ്റായ എന്‍പി മുഹമ്മദ് റസിഡന്റ് എഡിറ്ററായിരിക്കേ പാലക്കാട് നിന്ന് ഒരു വാര്‍ത്തയെഴുതി. ലക്ഷങ്ങളുടെ ചന്ദനത്തടി കസ്റ്റഡിയില്‍ പൊടിയായി മാറിയതായിരുന്നു വാര്‍ത്ത. അന്ന് ന്യൂസ് എഡിറ്ററായിരുന്ന പി ജെ മാത്യുവിനെയും ഡസ്‌ക് ചീഫായിരുന്ന പി. സുജാതനെയും റിപ്പോര്‍ട്ടറായിരുന്ന എന്നെയും മണി സാര്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. റസിഡന്റ് എഡിറ്റര്‍ എന്‍ പി മുഹമ്മദിന്റെ പരാതിയായിരുന്നു കാരണം. മാത്യുസാറും സുജാതനും മണി സാറിനെ കാണാനെത്തിയില്ല. രണ്ടും കല്പിച്ച് ഞാന്‍ പിറ്റേ ദിവസം പത്രാധിപരുടെ മുന്നിലെത്തി. ഒരു മണിക്കൂര്‍ നീണ്ട പുലഭ്യം.

 

'പേനയും പേപ്പറും ഉണ്ടെങ്കില്‍ നീ എന്തും എഴുതുമോ? അട്ടപ്പാടിയില്‍ നമുക്ക് എത്ര കോപ്പിയുണ്ട്'? ഇങ്ങനെ തുടങ്ങി ചോദ്യങ്ങള്‍ നീണ്ടു പോയി. എല്ലാം കേട്ടിരുന്ന ശേഷം ഞാന്‍ ചോദിച്ചു, ചന്ദനത്തിന്റെ വാര്‍ത്തയിലെ പ്രതികള്‍ ആരെന്ന് സാറിന് അറിയുമോ? അറിയില്ലെന്നായി മണി സാര്‍. അറസ്റ്റിലായ പ്രതികള്‍ എന്‍പി മുഹമ്മദിന്റെ ബന്ധുക്കളാണെന്ന് ഞാന്‍ പറഞ്ഞതോടെ മണി സാറിന്റെ ഭാവമാകെ മാറി. വിളിച്ചു വരുത്തിയതിനും ചീത്ത പറഞ്ഞതിനും അദ്ദേഹം ക്ഷമ പറഞ്ഞില്ലെന്നു മാത്രം.

 

കയ്യോടെ പാലക്കാട്ടേക്ക് തിരിച്ചു പോകാനുള്ള ടി എ അടക്കം തന്നു എന്നു മാത്രമല്ല, രാത്രി പോകുന്നതിന് മുന്‍പ് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ ട്രിവാന്‍ഡ്രം ക്ലബ്ബിലേക്ക് ക്ഷണിക്കുകയും ചെയ്തു. വാര്‍ത്തയുടെ സത്യസ്ഥിതി അറിയാതെ പലപ്പോഴും ക്ഷുഭിതനാകുമെങ്കിലും സത്യം അറിഞ്ഞാല്‍ അതിനുവേണ്ടി ഏതറ്റം വരെയും അദ്ദേഹം പത്രപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുമായിരുന്നു. മന്ത്രിയായിരുന്ന പിആര്‍ കുറുപ്പിന്റെ രാജിക്കിടയാക്കിയ വാര്‍ത്ത എഴുതിയപ്പോഴും മന്ത്രിയായിരുന്ന എംവി രാഘവനെതിരെ വാര്‍ത്ത എഴുതിയപ്പോഴും ആ മന്ത്രിമാര്‍ മണി സാറിനെ നേരിട്ട് കണ്ടിട്ടും വാര്‍ത്ത നിഷേധിക്കാനോ, ലേഖകനെ കൈവിടാനോ ആ പത്രാധിപര്‍ ശ്രമിച്ചില്ല.

 

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് പറയേണ്ടി വന്ന വാര്‍ത്തകള്‍ എഴുതിയപ്പോള്‍ പോലും അദ്ദേഹം നല്‍കിയ പിന്തുണ ഏത് പത്രപ്രവര്‍ത്തകനും ആത്മവിശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന പ്രമുഖ നേതാക്കളെല്ലാം ഈ പത്രാധിപരുടെ സ്നേഹത്തിന് മാത്രമല്ല, രൂക്ഷ വിമര്‍ശനങ്ങള്‍ക്കും ഇരയായിട്ടുള്ളവരാണ്. എകെ ആന്റണി മുതല്‍ കൊടിക്കുന്നേല്‍ സുരേഷ് വരെയുള്ള കോണ്‍ഗ്രസ് നേതാക്കളും വി എസ് മുതല്‍ പിണറായി വരെയുള്ള ഇടതുനേതാക്കളും എം.എസ്. മണിയുടെ എഴുത്തിന്റെ ശക്തി അറിഞ്ഞിട്ടുള്ളവരാണ്.

 

മുഖം നോക്കാതെ വിമര്‍ശിച്ചതിന്റെ പേരില്‍ ലീഡര്‍ അടക്കമുള്ള നേതാക്കള്‍ എത്രയോ കാലം എം.എസ്. മണിയെ കണ്ടിരുന്നത് ശത്രുപക്ഷത്തായിരുന്നു. പക്ഷേ, അവസാന നാളുകളില്‍ ലീഡര്‍ മണി സാറുമായി വളരെ അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. ചുരുക്കത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗത്ത് എം.എസ്. മണി നല്‍കിയ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഒരു പത്രത്തിലൂടെയും വാരികയിലൂടെയും ഒരു ജനതയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിയുകയെന്നു പറയുന്നത് അത്യപൂര്‍വ്വമായ ഒരു പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ എല്ലാ അര്‍ത്ഥത്തിലും പത്രാധിപരുടെ പിന്‍ഗാമി തന്നെയാണ് മകന്‍ എം.എസ്. മണി.

 

 

 

OTHER SECTIONS