വിവേകപൂര്‍വ്വം ആലോചിച്ച് വോട്ട് ചെയ്യൂ: എം.എല്‍.എമാരോട് പനീര്‍ശെല്‍വം

By Shyma Mohan.17 Feb, 2017

imran-azhar


    ചെന്നൈ: നാളെ നടക്കാനിരിക്കുന്ന നിര്‍ണ്ണായക വിശ്വാസ വോട്ടെടുപ്പില്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടരുതെന്ന് അണ്ണാ ഡി.എം.കെ. എം.എല്‍.എമാരോട് പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. വിവേകപൂര്‍വ്വം ആലോചിച്ച് വോട്ട് ചെയ്യണമെന്നും അദ്ദേഹം എം.എല്‍.എമാരോട് ആവശ്യപ്പെട്ടു. തമിഴ് രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച കടന്നുവരാതിരിക്കാന്‍ അമ്മ പ്രവര്‍ത്തിച്ചിരുന്നതായും പനീര്‍ശെല്‍വം പറഞ്ഞു. അമ്മ മരണം വരെയും ഈ നിലപാട് തുടര്‍ന്നിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ തീരുമാനിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ വൈകിട്ട് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് എടപ്പാടി പളനിസ്വാമി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനം എടുത്തത്.

 

നിയമസഭയില്‍ 98 എം.എല്‍.എമാരാണ് ഡി.എം.കെക്കുള്ളത്. ഡി.എം.കെ നിലപാടിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ 8 എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. പളനിസ്വാമി വിഭാഗത്തിന് 123 എം.എല്‍.എമാരുടെ പിന്തുണയും പനീര്‍ശെല്‍വം വിഭാഗത്തിന് ഫലത്തില്‍ 11 എം.എല്‍.എമാരുടെ പിന്തുണയുമാണുള്ളത്. നേരത്തെ വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റില്‍ വേണമെന്ന് സ്പീക്കര്‍ ധനപാലനോട് പനീര്‍ശെല്‍വം വിഭാഗം ആവശ്യപ്പെട്ടിരുന്നു.  

OTHER SECTIONS