തിരുവനന്തപുരം വിമാനത്താവളം; ഹൈക്കോടതി ഉത്തരവ് എതിരായാല്‍ ടെന്‍ഡര്‍ റദ്ദാക്കും

By ബി.വി. അരുണ്‍ കുമാര്‍.14 09 2020

imran-azhar

 

 

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജ്ജിയില്‍ ഹൈക്കോടതി വിധി എതിരായാല്‍ ടെന്‍ഡര്‍ റദ്ദാക്കും. തുടര്‍ന്ന് വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റിയെ ഏല്‍പ്പിക്കും. നിലവില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് അദാനിക്ക് വിമാനത്താവളം നല്‍കാന്‍ കേന്ദ്രവ്യോമയാനമന്ത്രാലയം തയാറായത്. ഇതിനെതിരെയാണ് സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. തുടര്‍ നടപടികളില്‍ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.

 

അതേസമയം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനുള്ള ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞദിവസം അദാനി ഗ്രൂപ്പിനു നല്‍കിയിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍, കോടതിയുടെ തീരുമാനത്തിനനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളാമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്.

 

2019ലാണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശത്തിനുള്ള കരാര്‍ അദാനിക്ക് ലഭിച്ചത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാനം അന്നുതന്നെ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ അദാനിക്ക് വിമാനത്താവളം ഏറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല. കേസില്‍ അന്തിമവിധി വരെ വിമാനത്താവളം കൈമാറരുതെന്ന ഇടക്കാല ഉത്തരവുമുണ്ടായി. എന്നാല്‍ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിനാലാണ് കേന്ദ്രം തുടര്‍നടപടികള്‍ ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സ്വകാര്യവത്കരണത്തില്‍ വിമാനത്താവളങ്ങളുടെ കൈമാറ്റവും ഉള്‍പ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

 

സര്‍ക്കാര്‍ ഭൂമിയിലുള്ള വിമാനത്താവളം സര്‍ക്കാരിന്റേതാണെന്നും അനുമതിയില്ലാതെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. ലേലം റദ്ദാക്കി വിമാനത്താവളം സര്‍ക്കാരിന്റെ കമ്പനിയായ ടിയാലിന് നല്‍കണം. അല്ലെങ്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നടത്തിപ്പ് തുടരണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.

 

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് നല്‍കേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അതിനു തയ്യാറാകാനുള്ള സാദ്ധ്യതയില്ല. ഇതിനു നിയമവഴിയിലൂടെ പരിഹാരം കാണാനായിരിക്കും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശ്രമം. തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിക്കു കൈമാറണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയും സര്‍ക്കാര്‍ നേടിക്കഴിഞ്ഞു. വിമാനത്താവള സ്വകാര്യവത്കരണത്തെ ചോദ്യംചെയ്ത് സംസ്ഥാനം നല്‍കിയ കേസ് ഹൈക്കോടതി 15-ന് പരിഗണിക്കും.

 

OTHER SECTIONS