തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണം ; ചെയർമാൻ സ്ഥാനം മുഖ്യമന്ത്രിക്ക് നൽകണം, ചേംബർ ഓഫ് കൊമേഴ്‌സ്

By online desk .22 10 2020

imran-azhar

 

 

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് അദാനിയുമായി സർക്കാർ തുറന്ന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ്. സംസ്ഥാന മുഖ്യമന്ത്രിയെ വിമാനത്താവള കമ്പനിയുടെ ചെയർമാനാക്കി അദാനി സീഇഒയും എംഡിയുമായുള്ള സമവാക്യമാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്ന് ചേംബർ ഓഫ് കൊമേഴ്സ് നിർദ്ദേശിക്കുന്നു.

 

എയർപോർട്ട് അതോറിറ്റിക്ക് നൽകാമെന്നു പറഞ്ഞ 168 രൂപയിൽ ഒരു വിഹിതം സർക്കാരിന് കൂടി നൽകാമെന്ന് അദാനി സമ്മതിക്കുകയാണെങ്കിൽ ഇരു കക്ഷികളുടെയും സഹകരണത്തോടെ വികസനകാര്യങ്ങളിൽ മികച്ച തുടക്കം ഉണ്ടാക്കാനാകും എന്നും ചേംബർ ഓഫ് കൊമേഴ്സ് പറയുന്നു.

 

ഇതു സംബന്ധിച്ചു നൽകിയ എല്ലാ ഹർജികളും കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ചേംബർ ഓഫ് കൊമേഴ്സിന്‍റെ നിർദ്ദേശം. സമവായ ചർച്ചകൾക്കു മാത്രമേ ഇനി സാധ്യതയുള്ളൂ. സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ ആദ്യം സുപ്രീം കോടതിയിലാണ് സമീപിച്ചത്. എന്നാൽ ആദ്യം ഹൈക്കോടതിയിലാണ് പോകേണ്ടതെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിക്ക് മുന്നിൽ ഹർജി നൽകിയത്. ആ ഹർജിയാണ് തള്ളിയത്.

 

നിലവിൽ അദാനിക്ക് വിമാനത്താവളം നടത്തിപ്പ് കൈമാറുന്നതിനുള്ള നിയമ തടസ്സങ്ങൾ ഒന്നും ഇല്ല. എന്നാൽ, പാട്ടക്കരാർ ഒപ്പിടുന്ന നടപടി പൂർത്തിയാക്കാനുള്ള സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് സർക്കാർ നൽകേണ്ടതുണ്ട്. സർക്കാരിനെ പിണക്കിയാൽ ഒരുപക്ഷേ എഗ്രിമെന്റ് കിട്ടാൻ കാലതാമസമെടുക്കും. മാത്രമല്ല, വികസന പ്രവർത്തനങ്ങൾക്ക് ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യമായതിനാൽ സർക്കാരിന്റെ സഹായം ആവശ്യമാണ്. അതിനാൽ സർക്കാരിനെ പിണക്കി കൊണ്ടുള്ള ഏറ്റെടുക്കലിന് അദാനി തയ്യാറാകില്ല എന്നാണ് കരുതുന്നത്. അത് ഒഴിവാക്കാൻ സർക്കാരിനെ സഹകരിപ്പിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ അദാനിയും തയ്യാറാകണം. ഒപ്പം സർക്കാരും തുറന്ന മനസ്സോടെ അദാനിയുമായി ചർച്ച നടത്തി കാര്യങ്ങളിൽ വ്യവസ്ഥ ഉണ്ടാക്കണം.

 

വികസന സാധ്യതകൾ മുന്നിലുള്ളപ്പോൾ അതൊക്കെ പരിഗണിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം അബദ്ധത്തിൽ കലാശിക്കും. ഇത് തിരുവനന്തപുരം ജില്ലയുടെ വികസനത്തിന് എതിരായ സർക്കാരിന്റെ നിലപാടായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. സംസ്ഥാന തലസ്ഥാനത്തെ വിമാനത്താവളം രാജ്യത്തെ ഏറ്റവും മോശം വിമാനത്താവളമായി നിലകൊള്ളുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെടുന്നു.

 

 

 

OTHER SECTIONS