ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി തോമസ് ചാണ്ടി സുപ്രിം കോടതിയില്‍

By Anju N P.24 Nov, 2017

imran-azhar

 

ദില്ലി: കായല്‍ കൈയേറ്റ കേസില്‍ രാജിവച്ച മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവും കളക്ടറുടെ ഉത്തരവും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മന്ത്രിസഭയുടെയോ റവന്യൂ മന്ത്രിയുടെയോ ഉത്തരവല്ല മറിച്ച് ഏകപക്ഷീയമായ കളക്ടറുടെ ഉത്തരവാണ് ചോദ്യം ചെയ്തതെന്ന് തോമസ് ചാണ്ടി അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ കൂട്ട് ഉത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതിയുടെ പരാമര്‍ശം തെറ്റാണെന്നും തോമസ് ചാണ്ടി അപ്പീലില്‍ അവകാശപ്പെടുന്നു.

 

കായല്‍ കൈയേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഭരണഘടനക്ക് വിരുദ്ധഹൈക്കോടതി വിധിച്ചിരുന്നു. മാത്രമല്ല ഒരു മന്ത്രിക്ക് എങ്ങനെ സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കാനായി എന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കി മന്ത്രിസഭയില്‍ തുടരാനാകില്ലെന്നും അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മന്ത്രി സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ അപ്പീല്‍ നല്‍കിയത് വഴി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും ഹൈക്കോടതിയുടെ ഇ ൈചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഉത്തരവും കളക്ടറുടെ ഉത്തരവും അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

 

2008 ലെ നെല്‍വയല്‍-നീര്‍ത്തടനിയമത്തിലെ 13 ആം അനുച്ഛേദ പ്രകാരം കളക്ടര്‍ തന്റെ വാദം കേള്‍ക്കേണ്ടതായിരുന്നു. എന്നാല്‍ അത് കേള്‍ക്കാതെ ഏകപക്ഷീയമായാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭയുടെയോ റവന്യൂ മന്ത്രിയുടെയോ ഉത്തരവല്ല മറിച്ച് ജില്ലാ കളക്ടറുടെ ഉത്തരവാണ് ചോദ്യം ചെയ്തതെന്ന് തോമസ് ചാണ്ടി അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ കൂട്ട് ഉത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതിയുടെ നിഗമനം തെറ്റാണെന്നും തോമസ് ചാണ്ടി അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കൂടി നിയമോപദേശം തേടിയ ശേഷമാണ് തോമസ് ചാണ്ടി സുപ്രിം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സുപ്രിം കോടതിയെ സമീപിക്കുന്നത് കൂടുതല്‍ തിരിച്ചടിയാകുമെന്ന് സിപിഐഎം നേതൃത്വം നേരത്തെ തോമസ് ചാണ്ടിയെ ധരിപ്പിച്ചിരുന്നു. വിദഗ്ധമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.