By അനിൽ പയ്യമ്പള്ളി.03 03 2021
തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ പ്രതികരിച്ചു.
ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതികരിക്കുന്നതിന് ഇന്ന് 12 മണിക്ക് പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കിഫ്ബി മസാലബോണ്ടിൽ വ്യാപക ക്രമക്കേടുനടന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി. നിലപാട്. കേന്ദ്രസർക്കാർ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. വ്യക്തമാക്കിയത്.
സി.എ.ജി. റിപ്പോർട്ടിലെ പരാമർശങ്ങളാണ് കേസിനായി പരിഗണിച്ച പ്രധാനഘടകം. സി.എ.ജി. റിപ്പോർട്ടിനു പിന്നാലെ മസാലബോണ്ടിലും കിഫ്ബി ഇടപാടുകളിലും ഇ.ഡി. പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. റിസർവ് ബാങ്കുമായി ഇതുസംബന്ധിച്ച സംശയനിവാരണങ്ങളും നടത്തിയിരുന്നു. ഇതിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസെടുത്തതിനെ തുടർന്ന് കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാൻ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.