By Web Desk.13 01 2021
* സംസ്ഥാനത്ത് ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ശതമാനം
69,081 സാമ്പിളുകളാണ് പരിശോധിച്ചത്. 6004 പേര് കോവിഡ് പോസിറ്റീവായി. 26 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
* കോവിഡ് വാക്സിന് തിരുവനന്തപുരത്തെത്തി
ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ വാക്സിന് റീജിയണല്‍ സ്റ്റോറേജ് സെന്ററിലേക്ക് കൊണ്ടുപോകും. നാളെയാണ് വാക്സിന് ജില്ലാ തല വെയര്‍ ഹൗസുകളിലേക്ക് വിതരണം ചെയ്യും.
* ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് ഏഴ് ശതമാനം വില വര്‍ധന
40 രൂപ മുതല്‍ 150 രൂപ വരെയാണ് ലിറ്ററിന് വില കൂട്ടുക. രണ്ട് ദിവസത്തിനകം സമ്മത പത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ വിതരണ കമ്പനികള്‍ക്ക് കത്തയച്ചു.
* കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
* വൈറ്റില മേല്‍പ്പാലം തുറന്ന കേസില്‍ നിപുണ്‍ ചെറിയാന് ജാമ്യം
വി ഫോര്‍ കൊച്ചി ക്യാമ്പയിന് കണ്‍ട്രോളറായ നിപുണ്‍ ചെറിയാന് എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
* തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് യുവാവ് മരിച്ചു
ഓട്ടോ ഡ്രൈവറും അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുമായ വിഷ്ണു ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ വര്‍ക്കല മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയില്‍ റോഡരികില്‍ നിന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. യാത്രക്കാരായ രണ്ട് പേര് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
* പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ ജീവപര്യന്തം തടവ് ശരിവച്ച് ഹൈക്കോടതി
കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ആട് ആന്റണി നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. 2012 ജൂണ്‍ 26 ന് നൈറ്റ് പട്രോളിംഗിനിടെയായിരുന്നു പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മണിയന് പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.
* പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ കൊടി കെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍
തിരുനെല്ലായി സ്വദേശി ബിജേഷാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മുന്‍പ് ചികിത്സ തേടിയ ആളാണെന്നും പൊലീസ് പറഞ്ഞു.
* കേരളം അടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ അനുമതി നല്കി കേന്ദ്രം
കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി.
* വ്യോമസേനയ്ക്ക് കരുത്തായി 83 തേജസ് വിമാനങ്ങള്‍ കൂടി
ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റായ തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രി സഭാ സമിതി അനുമതി നല്കി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായാണ് 48,000 കോടിയോളം രൂപയുടെ കരാര്‍.