വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ ഉത്തരവിട്ട ഹൈക്കോടതി ജഡ്ജിക്ക് സ്ഥലംമാറ്റം

By online desk .27 02 2020

imran-azhar

 


ഡല്‍ഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം. കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിസ്സംഗത കാണിച്ച പോലീസ് നടപടിയെ ചോദ്യം ചെയ്തതിനാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയത് . ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ സര്‍ക്കാര്‍ പുറത്തിറക്കി.

 

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണറോട് ജസ്റ്റിസ് മുരളീധർ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ഇറങ്ങിയത്.

 

കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസ് വ്യാഴാഴ്ച പരിഗണിക്കുന്നത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും. അദ്ദേഹം അവധിയായതിനാല്‍ ബുധനാഴ്ച കേസ് പരിഗണിച്ചത് ജസ്റ്റിസ് എസ്. മുരളീധര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു.

 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് നിയമമന്ത്രാലയം പറയുന്നത്.

 

രാജ്യത്ത് മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു . അക്രമം ചെറുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കുന്നത് പരിഗണിക്കാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ, ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

 


 

OTHER SECTIONS