ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു

By santhisenanhs.14 05 2022

imran-azhar

 

ഗുവാഹട്ടി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. ത്രിപുര ഗവര്‍ണർ എസ് എന്‍ ആര്യയെ കണ്ട് ബിജെപി നേതാവ് രാജി സമര്‍പ്പിച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് സൂചന.

 

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ബിപ്ലബ് കുമാർ ദേബ് സന്ദർശിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധന നില തകർന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി രാജി വെക്കണമെന്ന് കോൺഗ്രസ് തുടർച്ചയായി ആവശ്യമുന്നയിച്ചിരുന്നു. ബിപ്ലബ് കുമാർ ദേബിന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബിജെപി എംഎൽഎമാർ കഴിഞ്ഞ വർഷം ഡൽഹിയിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ട് എംഎൽഎമാർ സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.

 

ഇന്ന് എട്ട് മണിക്ക് ബിജെപി നിയമസഭ കക്ഷി യോഗം ചേരും. അതിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. പുതിയ മുഖ്യമന്ത്രിയെ തെ‍രഞ്ഞടുക്കുന്നതിന് വേണ്ടി കേന്ദ്ര നിരീക്ഷകരായി കേന്ദ്ര മന്ത്രി ഭുപീന്ദർ യാദവിനേയും ജനറൽ സെക്രട്ടറി വിനോദ് താവ്ഡയേയും നിയോഗിച്ചിട്ടുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി മുഖ്യമന്ത്രിയെ മാറ്റിയിരിക്കുന്നത്.

 

‌രാജിക്ക് മുമ്പ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും ചർച്ച നടത്തിയിരുന്നു. ബിപ്ലബ് കുമാര്‍ ദേബ് വെള്ളിയാഴ്ച്ച ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇന്ന് രാവിലെയാണ് അഗര്‍ത്തലയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത് ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വെര്‍മ്മ, രാജ്യസഭ എംപി ഡോ. മണിക് സിന്‍ഹ എന്നിവരെയാണ്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബിപ്ലബ് കുമാര്‍ ദേബിന്റെ സേവനം ഉപയോഗിക്കുമെന്ന് ബിജെപി അറിയിച്ചു. 'പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായും പിന്നീട് മുഖ്യമന്ത്രിയെന്ന നിലയിലും ത്രിപുരയിലെ ജനങ്ങളോട് നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ത്രിപുരയിൽ സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുമായിരുന്നു എൻ്റെ പ്രയത്നം' എന്ന് രാജി വാർത്ത സ്ഥിരീകരിച്ചു കൊണ്ട് ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

OTHER SECTIONS