ടിക് ടോക്ക് വിറ്റാല്‍ മുഖ്യപങ്ക് ഖജനാവിലെത്തണം: ട്രംപ്

By online desk .05 08 2020

imran-azhar

 

 

ന്യൂയോര്‍ക്ക് : ചൈനീസ് ആപ്പ് ടിക് ടോക്കിന്റെ വില്‍പ്പന നടന്നാല്‍ വലിയ പങ്ക് യുഎസ് ട്രഷറിക്കും ലഭിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികളുമായി വ്യാപാരക്കരാര്‍ ഉറപ്പിക്കാനായില്ലെങ്കില്‍ സെപ്റ്റംബര്‍ 15ന് ശേഷം ടിക് ടോക്കിന് യുഎസില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ട്രംപ് അറിയിച്ചു.തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സെപ്റ്റംബറോടെ ടിക് ടോക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചത്.

 

ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സുമായി മൈക്രോസോഫ്റ്റ് ചര്‍ച്ച നടത്തുന്നുണ്ട്. 70% ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. എന്നാല്‍ 100% വാങ്ങണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.'ഭൂവുടമയും കുടിയാനും തമ്മിലുള്ള ബന്ധം പോലെയാണിത്. ടിക് ടോക് വന്‍ വിജയമാണ്. ആ വിജയം സാധ്യമാക്കിയത് ഞങ്ങളാണ്. അത് വില്‍പ്പനയിലും പ്രതിഫലിക്കണം'- ട്രംപ് പറഞ്ഞു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുമായും ട്രംപ് ചര്‍ച്ച നടത്തി. ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതോടെയാണ് അമേരിക്കയിലും ആവശ്യം ഉയര്‍ന്നത്.

 


ടിക് ടോക് അമേരിക്കന്‍ കമ്പനിയായി മാറണം. ആപ്പിന്റെ ഉടമസ്ഥത അമേരിക്കയില്‍ ആയിരിക്കണം. മൈക്രോസോഫ്റ്റ് മാത്രമല്ല, മറ്റു പല കമ്പനികളും ടിക് ടോക് വാങ്ങാന്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടക്കുമ്പോള്‍ നല്ലൊരു തുക അമേരിക്കന്‍ ട്രഷറിയിലേക്ക് എത്തണമെന്നും ട്രംപ് പറഞ്ഞു.
ജൂണിലാണ് ഇന്ത്യയില്‍ ടിക് ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. 

 

 

OTHER SECTIONS