ആന്ധ്രയിലെ നക്സൽ ബാധിത പ്രദേശത്തുനിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; രണ്ട് പേർകൂടി പിടിയിൽ

By അനിൽ പയ്യമ്പള്ളി.06 03 2021

imran-azhar

കൊച്ചി: ആന്ധ്രാപ്രദേശിലെ നക്സൽ ബാധിത പ്രദേശത്തു നിന്നും കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ രണ്ട്പേരെ കൂടി പിടികൂടി. തൊടുപുഴ പെരുമ്പിള്ളിച്ചിറ പാലക്കുഴയിൽ വീട്ടിൽ അൻസാർ മുഹമ്മദ് (23), ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാൽ ഭാഗത്ത് തടത്തിൽ വീട്ടിൽ രാജേഷ് (44) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയായ പാലക്കാട് ചോക്കാട് സ്വദേശി ഷറഫുദ്ദിനെ അന്വേഷണ സംഘം കഴിഞ്ഞ മാസം വിശാഖപട്ടണത്തെ ഒരു ഗ്രാമത്തിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിശാഖപട്ടണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ രണ്ട് പ്രധാന കണ്ണികൾ കൂടി അറസ്റ്റിലായത്. ഈ കേസ്സിലെ പ്രതി രാജേഷ് ദീർഘനാളായി വിശാഖപട്ടണത്ത് കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ്.

ആന്ധ്രപ്രദേശിൽ പോലീസ് കേസിൽ ഉൾപ്പെട്ടതിനാൽ തിരികെ കേരളത്തിൽ എത്തി പഴയ വിശാഖപട്ടണ ബന്ധം ഉപയോഗപ്പെടുത്തി കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ പ്രധാന ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു. മറ്റൊരു പ്രതിയായ അൻസാർ കൗമാരകാലം തൊട്ട് കഞ്ചാവിന് അടിമയായി കഞ്ചാവ് ലോബിയുടെ കണ്ണിയിൽ അകപ്പെട്ട ആളാണ്. ആന്ധ്രയിൽ നിന്നും കൊണ്ടു വരുന്ന കഞ്ചാവ് തൊടുപുഴ, മുവാറ്റുപുഴ മേഖലകളിൽ വിതരണം നടത്തുന്നതിൽ പ്രധാനിയായിരുന്നു ഇയാൾ.

കഴിഞ്ഞ നവംബറിൽ റൂറൽ പോലീസ് 150 കിലോ കഞ്ചാവ് പിടികൂടുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെകുറിച്ച് വ്യക്തമായ വിവരം പോലിസിന് ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളത്തിലേയ്ക്കുളള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രാപ്രദേശിലെ നക്സൽ ബാധിത പ്രദേശങ്ങളാന്നെന്ന് മനസിലായി.

ആലുവ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി കെ.അശ്വകുമാർ ആണ് ഈ കേസ്സ് അന്വേഷിക്കുന്നത്. സബ് ഇൻസ്പെക്ടർ റ്റി.എം. സൂഫി, ജില്ലാ ഡാൻസാഫ് അംഗങ്ങളായ പി.എം ഷാജി, കെ.വി.നിസാർ, റ്റി.ശ്യാംകുമാർ, വി.എസ് രഞ്ജിത്ത്, ജാബിർ, മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

 

OTHER SECTIONS