കശ്മീര്‍; പാകിസ്ഥാന്റെയും ചൈനയുടെയും നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യന്‍ നയതന്ത്രവൈദഗ്ധ്യം

By mathew.17 08 2019

imran-azhar

 

ന്യൂഡല്‍ഹി: യുഎന്‍ രക്ഷാ സമിതിയില്‍ ജമ്മുകശ്മീര്‍ വിഷയം ചര്‍ച്ചയാക്കി വിവാദ വിഷയമാക്കാനുള്ള പാകിസ്ഥാന്റെയും ചൈനയുടെയും ശ്രമങ്ങള്‍ക്ക് തടയിട്ട് ഇന്ത്യന്‍ നയതന്ത്രവൈദഗ്ധ്യം. കശ്മീര്‍ വിഷയം പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നാണ് രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം രാജ്യങ്ങളും അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്ക് പിന്തുണയുമായി ശക്തമായ നിലപാടുമായി റഷ്യ രംഗത്തെത്തിയതോടെയാണ് മറ്റ് നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്.

പാകിസ്ഥാന്റെ കത്ത് ഏറ്റുപിടിച്ച് ചൈനയുടെ ആവശ്യപ്രകാരമാണ് യുഎന്‍ രക്ഷാസമിതി കശ്മീര്‍ വിഷയം രഹസ്യ ചര്‍ച്ചയ്‌ക്കെടുത്തത്. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇതിന് പിന്നാലെ പുറത്തു വന്ന യുഎന്നിലെ പാകിസ്ഥാന്റെയും ചൈനയുടേയും പ്രതിനിധികള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും നല്‍കാതെയാണ് പോയത്.

ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ് തുടങ്ങി 15 രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി വീണ്ടും ചേരുന്നത്. രക്ഷാസമിതിയംഗങ്ങള്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിലെ വിവരങ്ങള്‍ രഹസ്യമായി തുടരും. ചര്‍ച്ചാ വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയുമില്ല.

തുറന്ന ചര്‍ച്ച നടത്തണമെന്നാണ് യു.എന്‍ രക്ഷാസമിതിക്ക് എഴുതിയ കത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ആവശ്യപ്പെട്ടത്. തുറന്ന ചര്‍ച്ച നടന്നിരുന്നെങ്കില്‍ രക്ഷാസമിതിയിലെ അംഗങ്ങളല്ലാത്ത യു.എന്‍ അംഗരാജ്യങ്ങള്‍ക്കും പങ്കെടുക്കാനാകുമായിരുന്നു. ഇതിലൂടെ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുകയും ചെയ്യുമായിരുന്നു. അതിലൂടെ അന്താരാഷ്ട്രതലത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാകുമെന്നും പാകിസ്ഥാന്‍ കരുതിയിരുന്നു. എന്നാല്‍, വിഷയം രഹസ്യ ചര്‍ച്ചയ്ക്കെടുത്തതോടെ പാകിസ്ഥാന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുകയായിരുന്നു.

കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് യോഗത്തിനു ശേഷം യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യീദ് അക്ബറുദ്ദീന്‍ പറഞ്ഞു. കശ്മീരിലേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പതിയെ എടുത്തുമാറ്റി സാധാരണ നിലയിലേക്കെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും ഒരു രാജ്യം ഇന്ത്യയ്ക്കെതിരെ 'വിശുദ്ധയുദ്ധം' പ്രഖ്യാപിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്യുന്നതാണ് പ്രധാനപ്പെട്ട ആശങ്കെയെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.

 

OTHER SECTIONS