യുപിക്ക് ദത്തുപുത്രന്‍മാരെ ആവശ്യമില്ല: മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

By Shyma Mohan.17 Feb, 2017

imran-azhar


    റായ്ബറേലി:  ഉത്തര്‍പ്രദേശില്‍ വികസനത്തിനായി ദത്തുപുത്രന്‍മാരെ ആവശ്യമില്ലെന്ന് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ താന്‍ യു.പിയുടെ ദത്തുപുത്രനനെന്ന അവകാശവാദത്തിനെതിരെ ആഞ്ഞടിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്ക. യു.പിയിലെ നേതാവ് സംസ്ഥാനത്തിന് അകത്തുനിന്നു തന്നെയായിരിക്കുമെന്നും പ്രിയങ്ക റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വ്യക്തമാക്കി. ഈ വര്‍ഷത്തെ പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഇന്ന് റായ്ബറേലി സാക്ഷ്യം വഹിച്ചത്. ഏത് തരത്തിലുള്ള നേതാവിനെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുക? വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്ത നേതാവിനെയോ, അതോ സംസ്ഥാനത്തെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നേതാവിനെയോ എന്നും പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്ത് ചോദിച്ചു. സംസ്ഥാനത്തെ ഓരോ യുവാക്കള്‍ക്കും നേതാവാകാനുള്ള സാമര്‍ത്ഥ്യമുണ്ടെന്നും അവര്‍ സംസ്ഥാനത്തെ പുരോഗതിക്കായി സംഭാവന ചെയ്യുമെന്നും അവര്‍ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടി കൊണ്ടുവന്നതിനെതിരെയും മോദിക്കെതിരെ പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചു. നോട്ട് നിരോധനം മൂലം വലഞ്ഞത് സാധാരണക്കാരും കര്‍ഷകരുമാണ്. രാജ്യത്തെ കാഷ് കറന്‍സിയുടെ 86 ശതമാനവും തുടച്ചുമാറ്റപ്പെട്ടതായും പ്രിയങ്ക പറഞ്ഞു. സഹോദരനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയോടൊപ്പമാണ് പ്രിയങ്ക യു.പിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയത്. കര്‍ഷകരെ മോദി ഓര്‍മ്മിക്കുന്നത് തിരഞ്ഞെടുപ്പ് വേളയില്‍ മാത്രമാണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫെബ്രുവരി 27നാണ് റായ്ബറേലിയില്‍ അഞ്ചാം ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്.

loading...