തായ്‌വാനില്‍ നിന്നുള്ള കാര്‍ഷിക ഇറക്കുമതി റദ്ദ് ചെയ്ത് ചൈനീസ് പ്രതിഷേധം

By Shyma Mohan.03 08 2022

imran-azhar

 


തായ്‌പെയ്: 25 വര്‍ഷങ്ങള്‍ക്കുശേഷം യുഎസിന്റെ ഉന്നത നേതൃ പദവി വഹിക്കുന്ന ഒരാള്‍ തായ്‌വാന്‍ സന്ദര്‍ശിച്ചതില്‍ കടുത്ത എതിര്‍പ്പ് അറിയിച്ച് ചൈന.

 

യുഎസ് പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രകോപിതരായ ചൈന ബീജിംഗിലെ യുഎസ് അംബാസിഡറെ വിളിച്ചുവരുത്തുകയും യുഎസ് തെറ്റുകള്‍ക്ക് വില നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കുകയും ചെയ്തു. തായ്‌വാനില്‍ നിന്നുള്ള മത്സ്യ ഉല്‍പ്പന്നങ്ങളുടെയും സിട്രസ് പഴങ്ങളുടെയും അടക്കം നിരവധി കാര്‍ഷിക ഇറക്കുമതികള്‍ ചൈന റദ്ദാക്കി.

 

അതേസമയം ദ്വീപ് രാഷ്ട്രത്തിലെത്തിയ നാന്‍സി പെലോസി തായ്‌വാനെ ലോകത്തെ സ്വതന്ത്ര സമൂഹങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിച്ചു. തായ്‌പെയില്‍ രാജ്യത്തിന്റെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേയായിരുന്നു പെലോസിയുടെ വിശേഷണം. നിങ്ങളുടെ നേതൃപാടവത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. ലോകം അതിനെ അംഗീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ പെലോസി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്നിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

 

ചൈനയുമായി നേരിട്ടുള്ള മത്സരത്തിന് അമേരിക്കന്‍ ചിപ് വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി യുഎസ് പുതിയ നിയമം കൊണ്ടുവരുമെന്നും ഇത് യുഎസ് - തായ്‌വാന്‍ സാമ്പത്തിക സഹകരണത്തിനുള്ള വലിയൊരു അവസരമാണെന്നും പെലോസി പറഞ്ഞു. തായ്‌വാന്റെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് അമേരിക്കയുടെ ഉറച്ച തീരുമാനമാണ്. മുന്‍പുള്ളതിനെക്കാള്‍ ഇപ്പോള്‍ തായ് വാനുമായി അമേരിക്കയുടെ ഐക്യം നിര്‍ണ്ണായകമാണെന്നും നാന്‍സി പെലോസി കൂട്ടിച്ചേര്‍ത്തു.

 

അതേസമയം ദ്വീപ് രാഷ്ട്രം തങ്ങളുടെ അധീനതയിലാണെന്ന് വ്യക്തമാക്കി ചൈന തായ്‌വാന്‍ കടലിടുക്കില്‍ ലൈവ്- ഫയര്‍ മിസൈല്‍ അഭ്യാസങ്ങളും നടത്തി. കൂടാതെ തായ് വാന്‍ വ്യോമാതിര്‍ത്തിക്ക് സമീപം നിരവധി ചൈനീസ് യുദ്ധവിമാനങ്ങള്‍ പറത്തുകയും ചെയ്തു.

OTHER SECTIONS