ദേശീയ പൗരത്വ ഭേദഗതി ബില്‍; അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി യുഎസ് ഫെഡറല്‍ കമ്മിഷന്‍

By mathew.10 12 2019

imran-azhar

 


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്). പാര്‍ലമെന്റിന്റെ ഇരുസഭകളിലും പൗരത്വഭേദഗതി ബില്‍ പാസാവുകയാണെങ്കില്‍ അമിത് ഷാക്കെയിരെ ഉപരോധമേര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് ഫെഡറല്‍ കമ്മിഷന്‍ അറിയിച്ചു. പൗരത്വഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്ന് യുഎസ് ഫെഡറല്‍ കമ്മിഷന്‍ പറഞ്ഞു.

 

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്നാരോപിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ മറികടന്ന് പൗരത്വ ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഫെഡറല്‍ കമ്മിഷന്റെ പ്രതികരണം. 80നെതിരേ 311 വോട്ടുകള്‍ക്കാണ് അമിത് ഷാ അവതരിപ്പിച്ച ബില്‍ സഭ പാസാക്കിയത്.

 

മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാരോപിച്ച് ബില്‍ അവതരണത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. അടുത്ത ദിവസം തന്നെ ബില്‍ രാജ്യസഭയിലും അവതരിപ്പിക്കും.

 

മതം അടിസ്ഥാനമാക്കിയുള്ള ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ വളരെയധികം ആശങ്കയുണ്ടെന്ന് യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. മുസ്ലിംങ്ങളെ പ്രത്യേകമായി ഒഴിവാക്കി മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണെന്ന് ഫെഡറല്‍ കമ്മിഷന്‍ ആരോപിച്ചു.

 

ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണ് ഇതെന്നും കമ്മിഷന്‍ വ്യക്തമാക്കി.

 

 

OTHER SECTIONS