കശ്മീര്‍ ഇന്ത്യയുടേതെന്ന് അമേരിക്ക; ഇന്ത്യന്‍ നിലപാടിന് പൂര്‍ണ പിന്തുണ

By mathew.21 08 2019

imran-azharവാഷിംഗ്ടണ്‍: കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് അമേരിക്ക. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടിനാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇന്ത്യക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. അതിനിടെ കശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടാവരുതെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടു. കശ്മീരിന്റെ പ്രത്യേക അധികാരം ഇന്ത്യ എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ട്രംപിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി 30 മിനുട്ട് കശ്മീര്‍ വിഷയത്തെ കുറിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ട്രംപ് ഇമ്രാന്‍ഖാനെ വിളിച്ചത്. കശ്മീരിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം സങ്കീര്‍ണമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇമ്രാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചയിലൂടെ കശ്മീര്‍ പ്രശ്നത്തിനു പരിഹാരം കാണാനും ട്രംപ് നിര്‍ദേശിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. നേരത്തെ കശ്മീരില്‍ യു.എസും യു.എന്നും മധ്യസ്ഥതവഹിക്കണമെന്ന് ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഭീകരപ്രവര്‍ത്തനവും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും നിര്‍ത്തിയാലേ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ളൂവെന്ന് മോദി ട്രംപുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കി. ഇന്ത്യയെ വ്യാപാര മുന്‍ഗണനാപട്ടികയില്‍ നിന്ന് യു.എസ് ഒഴിവാക്കിയത് പുനപ്പരിശോധിക്കുമെന്ന പ്രത്യാശയും മോദി പ്രകടിപ്പിച്ചു.
കഴിഞ്ഞദിവസം മോദിയുടെ ഹിന്ദു മേധാവിത്വമുള്ള ഫാഷിസ്റ്റ് വംശീയവാദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ ആണവായുധം സുരക്ഷിതമാണോ എന്നു ലോകരാജ്യങ്ങള്‍ ചിന്തിക്കണമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. ഇതാണ് പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ട്രംപ് അദ്ദേഹത്തോടു പറയാന്‍ കാരണമെന്നു കരുതുന്നു.
പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള സൗദി പോലും കശ്മീര്‍ വിഷയത്തില്‍ അവരുടെ പക്ഷം ചേര്‍ന്നില്ല എന്നതു ശ്രദ്ധേയമാണ്. ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി സൗദിയിലെ എണ്ണഭീമന്‍ സൗദി അരാംകോ 1,500 കോടി ഡോളറിന്റെ ഇടപാട് നടത്തുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.

 

OTHER SECTIONS