സോഷ്യല്‍ മീഡിയക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

By Shyma Mohan.14 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: രാജ്യത്തെ ക്രമസമാധാനപാലനത്തിന് ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ് സമൂഹ മാധ്യമങ്ങളെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പോലീസ് മേധാവികളുടെ രാജ്യാന്തര സംഘടനയുടെ ഏഷ്യ പസഫിക് റീജിയണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ഭീകരവാദം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം എന്നിവയെ നേരിടാന്‍ സമൂഹ മാധ്യമങ്ങള്‍ തടസം നില്‍ക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. 2013ല്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നടന്ന കലാപത്തിനിടയില്‍ തെറ്റായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സമൂഹ മാധ്യമങ്ങളെ ചിലര്‍ ദുരുപയോഗം ചെയ്തിരുന്നതായി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ വ്യാപകമായി നാട്ടിലേക്ക് മടങ്ങുന്നതിന് 2012ല്‍ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായി നടത്തിയ പ്രചരണം വഴിയൊരുക്കിയതായും ആഭ്യന്തര മന്ത്രി ഉദാഹരണമാക്കിക്കൊണ്ട് വ്യക്തമാക്കി. ആഗോള ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് സമൂഹ മാധ്യമങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ലോകമെമ്പാടുമുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് ആശങ്കക്ക് വക നല്‍കുന്നു. വര്‍ഗ്ഗീയ കലാപങ്ങള്‍ ആളിക്കത്തിക്കുന്നതിന് അക്രമങ്ങളുടെ വീഡിയോ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.