തിരികെ കിട്ടാത്ത പ്രണയം: 20കാരന്‍ വാട്‌സ്അപ്പ് ലൈവില്‍ ആത്മഹത്യ ചെയ്തു

By Shyma Mohan.16 Mar, 2018

imran-azhar


    ഹൈദരാബാദ്: പ്രണയം നിരസിച്ചതുമൂലം 20കാരനായ ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കാമുകിയെ വാട്‌സ്അപ്പില്‍ വീഡിയോ കോള്‍ ചെയ്ത ശേഷമായിരുന്നു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. സിര്‍സില്ല ജില്ലയിലെ വിനായക് നഗറില്‍ സഹോദരിയും അവരുടെ ഭര്‍ത്താവിനുമൊപ്പം താമസിച്ച് പഠനം നടത്തിവരികയായിരുന്ന അജ്മീര്‍ സാഗറാണ് ജീവനൊടുക്കിയത്. അജ്മീര്‍ ജീവനൊടുക്കുന്നതിന്റെ വീഡിയോ സംഭാഷണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കാമുകിയോട് സംസാരിച്ച ശേഷം താന്‍ ജീവിതം അവസാനിപ്പിക്കുന്നതായി പെണ്‍കുട്ടിയോട് പറയുന്നതും അങ്ങനെ ചെയ്യരുതെന്ന് പെണ്‍കുട്ടി വിലക്കുന്നതിന്റെയും ശബ്ദരേഖയാണ് വൈറലായിരിക്കുന്നത്. സംസാരിച്ച ശേഷം അജ്മീര്‍ സീലിംഗ് ഫാനില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അജ്മീറിന്റെ സഹോദരി വീട്ടുടമയെ വിളിച്ച് സാഗര്‍ ഫോണെടുക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ വീട്ടുടമയാണ് തൂങ്ങിക്കിടക്കുന്ന നിലയില്‍ അജ്മീറിനെ കണ്ടത്. സംഭവസ്ഥലത്തെത്തിയ പോലീസ് സാഗറിന്റെ ഫോണും അതില്‍ റെക്കോര്‍ഡ് ചെയ്ത വാട്‌സ്അപ്പ് വീഡിയോ കോളും കണ്ടെത്തിയതായി പോലീസ് ഇന്‍സ്‌പെക്ടര്‍ എം ജഗദീഷ് ചന്ദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സാഗര്‍ കാമുകിയെ വിളിച്ച് അവര്‍ക്കു മുമ്പാകെ മരിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് അറിയിച്ചിരുന്നു. പോലീസ് കണ്ടെടുത്ത വീഡിയോ കോളില്‍ സാഗറിന്റെ കാമുകിയായ പെണ്‍കുട്ടിയോടൊപ്പം മറ്റൊരു പെണ്‍കുട്ടിയും ഉള്ളതായും അവര്‍ സാഗറിനോട് ആത്മഹത്യ ചെയ്യരുതെന്ന് ആംഗ്യം കാണിക്കുന്നതുമായ ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. സാഗറിന്റെ കാമുകിയായ പെണ്‍കുട്ടി ബിഎസ് സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും കഴിഞ്ഞ ജനുവരിയില്‍ ഒളിച്ചോടാന്‍ ഇരുവരും നടത്തിയ ശ്രമം പരാജയപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.