വരാനിരിക്കുന്നത് സൈബര്‍ യുദ്ധം ; ലോകരാജ്യങ്ങളെ മുട്ടുകുത്തിക്കാന്‍ കച്ചകെട്ടി ചൈന

By online desk .15 09 2020

imran-azhar

 

 

വ്യാപാര മേഖലയിലെ ഉപരോധവും ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ഒറ്റപ്പെടലും ചൈനയെ വല്ലാതെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. തെല്ലൊരു ആശ്വാസത്തിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഏത് വിധേനയും മുട്ടുകുത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചൈന. ഒരു പക്ഷെ ഈ തന്ത്രത്തില്‍ ഒരു പരിധി വരെ അവര്‍ വിജയിക്കാനും സാദ്ധ്യതയുണ്ട്. കാരണം പോരാളികളെ തിരുകിക്കയറ്റിയും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് നേരിട്ടുമുള്ള ആക്രമണശൈലിയില്‍ നിന്ന് ചൈന മാറിച്ചിന്തിക്കാന്‍ തുടങ്ങിയതായാണ് സൂചനകള്‍. സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാഷ്ട്രങ്ങളെ തകര്‍ക്കുകയെന്ന പുതിയ രീതിയിലേക്കാണ് ചൈന തിരിഞ്ഞിരിക്കുന്നത്. ഇത് വിജയിച്ചാല്‍ അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് വരെ വന്‍ ഭീഷണി ആയേക്കാം. സൈബര്‍ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അവര്‍ ഏറെ മുന്നിലായതിനാല്‍ അതിനെ പ്രരിരോധിക്കാന്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് ഏറെ സമയമെടുത്തേക്കാം. അപ്പോഴേക്കും ഈ രാഷ്ട്രങ്ങളില്‍ അരക്ഷിതാവസ്ഥ ഉടലെടുത്ത് കഴിഞ്ഞിരിക്കാം. എത്ര ഒറ്റപ്പെടല്‍ ഏറ്റുവാങ്ങിയാലും തികച്ചും ആത്മവിശ്വാസത്തോടെയാണ് ചൈനയുടെ പോക്ക്. വന്‍ രാഷ്ട്രങ്ങളെയെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങള്‍ ചൈന ആരംഭിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. 

 

 

ഹൈബ്രിഡ് വാര്‍ഫെയര്‍, ഗ്രേ സോണ്‍ എന്നിങ്ങനെയെല്ലാമുള്ള വാക്കുകള്‍ പുതിയ സൈബര്‍ യുദ്ധതന്ത്രങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ നിറയുകയാണിപ്പോള്‍. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമടക്കമുള്ളവരെ ചൈനീസ് ഗവണ്‍മെന്റുമായി ബന്ധമുള്ള ടെക്നോളജി കമ്പനി നിരീക്ഷണത്തിലാക്കിയിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചൈനയിലെ ഷെന്‍സെന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്‍ഹ്വ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന കമ്പനിയാണ് ഇതിന് പിന്നില്‍.


ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ പല രാജ്യങ്ങളിലേയ്ക്കും പടര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ചത്തെ കോണ്‍ഫറന്‍സില്‍ ആസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി ലിന്‍ഡ റെയ്നോള്‍ഡ്സും പ്രതിരോധ സേനാ മേധാവി ആംഗസ് കാമ്പെലും ഹൈബ്രിഡ് വാര്‍ഫെയര്‍,ഗ്രേ സോണ്‍ എന്നീ രണ്ട് വാക്കുകള്‍ പ്രാധാന്യത്തോടെ ഉപയോഗിച്ചിരുന്നു. പുതിയ യുദ്ധതന്ത്രങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണിത്. വിവരസാങ്കേതിക വിദ്യഉപയോഗിച്ചുള്ള ദീര്‍ഘകാല യുദ്ധപദ്ധതിയാണ് ഹൈബ്രിഡ് വാര്‍കൊണ്ട് ഉദ്ദേശിക്കുന്നത്.

 

ഹൈബ്രിഡ് വാര്‍ഫെയര്‍?

 


നേരിട്ടുള്ള യുദ്ധത്തിലൂടെയല്ലാതെ ശത്രുവിനെ നിര്‍വീര്യരാക്കാനുള്ള പുതിയ യുദ്ധതന്ത്രമാണിത്. ഉക്രെയിനില്‍ റഷ്യ സ്വീകരിക്കുന്ന സമീപനം ഹൈബ്രിഡ് യുദ്ധത്തിന് ഉദാഹരണമാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക (ഡിസ് ഇന്‍ഫര്‍മേഷന്‍), സാമ്പത്തിക ഉപജാപങ്ങള്‍, നിഴല്‍യുദ്ധം, നുഴഞ്ഞുകയറ്റം, നയതന്ത്ര സമ്മര്‍ദ്ദം, സൈനികനടപടികള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് ഹൈബ്രിഡ് വാര്‍ഫെയര്‍. 2006ലെ ഇസ്രയേല്‍ - ലെബനന്‍ യുദ്ധത്തില്‍ ഹിസ്ബുള്ള, ഗറില്ല യുദ്ധമുറ അടക്കമുള്ളവ ഉപയോഗിച്ചു. ടെക്നോളജിയും ഇന്‍ഫര്‍മേഷന്‍ കാമ്പെയിനുകളും ഉപയോഗിച്ചു. ഈ യുദ്ധത്തിന് ശേഷം 2007ല്‍ അമേരിക്കന്‍ പ്രതിരോധ ഗവേഷകന്‍ ഫ്രാങ്ക് ഹോഫ്മാന്‍ ഹൈബ്രിഡ് ത്രെട്ട്, ഹൈബ്രിഡ് വാര്‍ഫെയര്‍ എന്ന വാക്കുകള്‍ ഉപയോഗിച്ചിരുന്നു.

 

ഗ്രേ സോണ്‍?


ഹൈബ്രിഡ് വാര്‍ഫെയറിന്റെ കോണ്‍ഫ്ളിക്ട് സോണിനാണ് ഗ്രേ സോണ്‍ എന്ന് പറയുന്നത്. ഇവിടെ ഓപ്പറേഷനുകള്‍ ഒരു യുദ്ധത്തിന്റെ സ്വഭാവത്തിലെത്തിക്കൊള്ളണമെന്നില്ല. ഭൗതിക ഏറ്റുമുട്ടല്‍ ഒഴിവാക്കുന്ന ഏറ്റുമുട്ടല്‍ തന്ത്രമാണിത്. അന്താരാഷ്ട്രനിയമങ്ങളിലെ അവ്യക്തതകള്‍, നടപടികളിലെ അവ്യക്തതകള്‍ ഇതെല്ലാം പുതിയ യുദ്ധതന്ത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.