സംസ്ഥാനത്ത് വാക്സിന്‍ വിതരണം മികച്ച രീതിയില്‍ പുരോഗമിക്കുന്നു-മുഖ്യമന്ത്രി

By Sooraj Surendran.23 07 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ വിതരണം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 1,77,09,529 പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 1,24,64,589 പേര്‍ക്ക് ഒരു ഡോസ് വാക്സിനും 52,44,940 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

 

കേന്ദ്രസര്‍ക്കാരില്‍ നിന്നും വാക്സിന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഇപ്പോള്‍ കേരളം വാക്സിന്‍ വിതരണം ചെയ്യുന്ന വേഗതയില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കാന്‍ സാധിക്കും.


പുതിയ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ രോഗം വന്നു ഭേദമായവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അങ്ങനെ രോഗം വന്നു ഭേദമായവരുടെ എണ്ണവും, മേല്പറഞ്ഞ രീതിയില്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചാല്‍ അതു ലഭിക്കുന്നവരുടെ എണ്ണവും ഒരുമിച്ച് കണക്കിലെടുത്താല്‍ നമുക്ക് സാമൂഹിക പ്രതിരോധ ശേഷി അധികം താമസിയാതെ കൈവരിക്കാന്‍ സാധിക്കേണ്ടതാണ്.

 

പക്ഷേ, സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചാല്‍ പോലും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ നമുക്ക് പെട്ടെന്ന് പിന്‍വലിക്കാന്‍ സാധിക്കില്ല. വാക്സിനെടുത്തവരിലും രോഗം വന്നു ഭേദമായവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് വാക്സിന്‍ എടുത്തവരും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.

 

പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോള്‍ ഏതാണ്ട് ഒരേ നിലയില്‍ നില്‍ക്കുന്നതില്‍ അമിതമായി വ്യാകുലപ്പെടേണ്ടതില്ല. മറ്റിടങ്ങളില്‍ നിന്നും എന്തുകൊണ്ടാണ് ഇവിടെ ഈ വ്യത്യാസം നിലനില്‍ക്കുന്നത് എന്നത് മുന്‍പ് നിരവധി തവണ വിശദമാക്കിയതാണ്.

 

നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ രോഗികളുടെ എണ്ണത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. മരണനിരക്ക് ഇന്ത്യയില്‍ മറ്റേതു പ്രദേശത്തേക്കാളും കുറച്ചു നിര്‍ത്താനും നമുക്ക് കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

OTHER SECTIONS