വെളിവാണ് വെളിച്ചം കാമ്പയിന് തുടക്കം; 14 ജില്ലകളില്‍ 70 ക്യാമ്പുകള്‍

By online desk .02 12 2019

imran-azhar

 

 

തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് വേണ്ടി ക്യാന്‍വാക്ക് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ കേരളയും വിമുക്തിയും സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ കാമ്പയിന്‍ 'വെളിവാണ് വെളിച്ചം' പദ്ധതിക്ക് തുടക്കമായി. കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ പ്രശാന്ത് നിര്‍വ്വഹിച്ചു. നാടക ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ആവിഷ്‌കരിച്ച മള്‍ട്ടി മീഡിയ സ്ട്രീറ്റ് പ്ലേ 'കരുതല്‍' എക്‌സൈസ് കമ്മിഷണര്‍ എസ്. ആനന്ദ്കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എഴുപത് പട്ടികജാതി കോളനികളില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ജാഥയാണ് വെളിവാണ് വെളിച്ചം.

 

പ്രശസ്ത വെന്ററോലൊക്വിസ്‌റ് വിനോദ് നറനാട്ട് അവതരിപ്പിക്കുന്ന കിറ്റി ഷോ, വിമുക്തി മിഷനിലെ വിദഗ്ദ്ധര്‍ നല്‍കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്‌ളാസുകള്‍ എന്നിവ ഉണ്ടാകും. റോഡപകടങ്ങളാല്‍ വീല്‍ ചെയര്‍ സഹായത്തോടെ കഴിയുന്നവര്‍ ലഹരി ഉപയോഗിച്ച് റോഡപകടങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കും. ക്യാന്‍ വാക് ലഹരി വിരുദ്ധ വോളണ്ടിയര്‍മാര്‍ എന്നിവര്‍ വെളിവാണ് വെളിച്ചം ജാഥക്കൊപ്പം ഉണ്ടാകും.

 

തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലും അഞ്ച് പട്ടികജാതി കോളനികളിലൂടെ കടന്ന് പോയി ഡിസംബര്‍ അവസാനത്തോടെ കാസര്‍കോട്അവസാനിക്കും. ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് അടിമപ്പെട്ടവരെ മോചിപ്പിക്കുവാനും മറ്റുള്ളവരെ ഒരു കാരണവശാലും ഈ കരകാണാ കയത്തിലേയ്ക്ക് ഒന്നെത്തിനോക്കുകപോലുമരുതേ എന്ന ഉദ്ദേശത്തോടെയാണ് ജാഥ. വാര്‍ഡ് കൗണ്‍സിലര്‍ കാഞ്ഞിരംപാറ രവി അദ്ധ്യക്ഷനായിരുന്നു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ അഡീ.എക്‌സൈസ് കമ്മീഷ്ണര്‍ ഡി രാജീവ്, ചലച്ചിത്ര താരം പ്രേം കുമാര്‍, ക്യാന്‍വാക്ക് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ അംഗം ജോര്‍ജ്ജ് തോമസ് എന്നിവര്‍ സംസാരിച്ചു.

 

OTHER SECTIONS