പി.എസ്.സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ പിടികൂടി

By online desk.24 02 2020

imran-azharതിരുവനന്തപുരം: തലസ്ഥാനത്തെ പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ലക്ഷ്യ, വീറ്റോ എന്നീ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ പരിശോധന. മിന്നല്‍ പരിശോധനയില്‍ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയിലായി. വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുത്ത് പഠിപ്പിക്കാന്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ അവധിയെടുക്കാതെ ചട്ടം ലംഘിച്ചാണ് ഇദ്ദേഹം പിഎസ്‌സി കേന്ദ്രങ്ങളില്‍ പഠിപ്പിക്കാന്‍ എത്തിയതെന്നാണ് വിവരം.

 

 

അങ്ങനെയെങ്കില്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കും. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ഷിബുവിന്റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനം. വീറ്റോയെന്ന സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ രഞ്ജന്‍ എന്ന ഉദ്യോഗസ്ഥന്‍ ആണെന്നായിരുന്നു പരാതി. എന്നാല്‍ ഇയാളുടെ മൂന്നുസുഹൃത്തുക്കളുടെ പേരിലാണെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം, പരിശോധനക്ക് എത്തുന്നതിന് മുമ്പ് തന്നെ സുപ്രധാന രേഖകള്‍ പലതും ഓഫീസുകളില്‍ നിന്നും മാറ്റിയതായി വിജിലന്‍സ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അദ്ധ്യാപക ശമ്പള രജിസ്റ്റര്‍ എന്നിവ മാറ്റിയതായും സംശയമുണ്ട്.

 

 

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പിഎസ്സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും പിഎസ്സി കമ്മീഷനും വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നു വരികയാണ്. മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെയാണ് അന്വേഷണം. ഇതില്‍ രണ്ടെണ്ണത്തില്‍ ഇന്നലെ പരിശോധന നടത്തി. ഉടമസ്ഥാവകാശം, വാങ്ങുന്ന ഫീസ് എന്നിവയെക്കുറിച്ചായിരുന്നു അന്വേഷണം.

 

 

ഉദ്യോഗസ്ഥരില്‍ രണ്ടുപേര്‍ ദീര്‍ഘകാല അവധിയെടുത്താണ് പരിശീലനകേന്ദ്രം നടത്തുന്നത്. മറ്റൊരാള്‍ സര്‍വീസില്‍ തുടരുന്നുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ ഉടമസ്ഥത ഇവരുടെ പേരിലല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉമസ്ഥരില്‍ ഒരാള്‍ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാദ്ധ്യതയുള്ള ചോദ്യങ്ങള്‍ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി. തുടങ്ങിയ ആരോപണങ്ങളും ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്.

 

 

ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദമായ പരിശോധന, പിഎസ്സി ജീവനക്കാരുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. വിജിലന്‍സിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ട് ഡിവൈഎസ്പി പ്രസാദാണ് കേസ് അന്വേഷിക്കുന്നത്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച് നേരത്തേ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പി.എസ്.സി. ചോദ്യക്കടലാസ് സെക്ഷനുകളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്ന ആക്ഷേപവുമുണ്ടായിരുന്നു. ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലെ ഉദ്യോഗസ്ഥരുമായി ഇവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു.
ഇത് പിഎസ്സിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് പൊതുഭരണ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിഷയം ഗൗരവമായെടുത്ത പിഎസ്സി സെക്രട്ടറി, പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനു അന്വേഷണം ആവശ്യപ്പെട്ട് കത്തു നല്‍കുകയായിരുന്നു.

 

OTHER SECTIONS