അടുത്തമാസം മദ്ധ്യത്തോടെ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്; മരണസംഖ്യ 800 കടക്കും

By online desk .21 09 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം മധ്യത്തോടെ കോവിഡ് മരണ സംഖ്യ 800 കവിയുമെന്ന് മുന്നറിയിപ്പ്. ഇക്കാലയളവവില്‍ കോവിഡ് രോഗികളുടെ സംഖ്യ രണ്ടു ലക്ഷം കടക്കുമെന്നും പഠനം. പൊതു-സ്വകാര്യ സംരംഭമായ 'ട്രെന്റ് അനാലിസിസ് ആന്റ് പ്രൊജക്ഷന്‍’ നടത്തിയ പഠനത്തിലാണ് ആശങ്കയുമര്‍ത്തുന്ന കണക്കുകള്‍ നിരത്തുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ പൊതുജനാരോഗ്യ ഫൗണ്ടേഷന്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രോക്‌സിമ എന്നിവയുടെ സഹകരണത്തോടെയാണ് വിശദമായ പഠനം നടന്നത്. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു.

 

സംസ്ഥാനത്ത് ഇതുവരെ 117846 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതില്‍ 482 പേര്‍ മരിച്ചു. അടുത്ത 25 ദിവസത്തിനുള്ളില്‍ കോവിഡ് രോഗ വ്യാപനത്തില്‍ കേരളം പാരമ്യത്തിലെത്തും. രോഗികളുടേയും മരണത്തിന്റേയും കാര്യത്തില്‍ കേരളം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേക്ക് നീങ്ങും. ഇനിയുള്ള ദിവസങ്ങളില്‍ പ്രതിദിനം 5000 മുതല്‍ 8000 വരെ പുതിയ രോഗികള്‍ ഉണ്ടാകാം.


സെപ്റ്റംബര്‍ പന്ത്രണ്ടോടെ കേരളത്തിലെ രോഗികളുടെ സംഖ്യ 90000 ആകുമെന്നും മരണ സംഖ്യ 400 കവിയുമെന്നും ജീവന്‍ രക്ഷ നേരത്തേ പ്രവചിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് പോസിറ്റീവ് നിരക്ക് 5.18 ശതമാനമാണ്. മരണനിരക്ക് 0. 4 ശതമാനവും. ഈ മാസം 12 വരെ രോഗികളുടെ എണ്ണം 102255 ഉം മരണസംഖ്യ 411 ഉം ആയിരുന്നു. ഇതില്‍ നിന്ന് ജീവന്‍രക്ഷയുടെ വിലയിരുത്തല്‍ ഏതാണ്ട് കൃത്യമാണെന്ന് കാണാം.


ജനുവരി മുതല്‍ ഫെബ്രുവരി വരെ വെറും മൂന്നു കോവിഡ് കേസുകളാണ് കേരളത്തില്‍ ഉണ്ടായിയിരുന്നത്. മാര്‍ച്ചു മുതല്‍ മേയ് മൂന്നു വരെയാപ്പോള്‍ 3496 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. മെയ്ക്കും ജൂലായ്ക്കും ഇടയില്‍ മൊത്തം കേസ് 25457 ആയി ഉയര്‍ന്നു. പിന്നീടുള്ള ഒന്നര മാസം കൊണ്ട് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മേലെയായി വര്‍ദ്ധിച്ചു.


എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധന ആരോഗ്യ വകുപ്പ് അധികൃതരെ ഏറെ ആശങ്കപ്പെടുത്തുന്നില്ല. തീവ്ര പരിചരണ സൗകര്യങ്ങള്‍ നല്‍കാനുള്ള പര്യാപ്തത സംസംസ്ഥാനം സജ്ജമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കോവിഡ് രോഗികള്‍ തീവ്ര രോഗത്തിലേക്കോ അതി തീവ്ര അവസ്ഥയിലേക്കോ പോയാലും അത്യാധുനിക ചികിത്സ നല്‍കാന്‍ സംസ്ഥാനത്തിനു കഴിയും. മാത്രമല്ല രോഗ ലക്ഷണം തെളിയുന്നവരില്‍ അതിതീവ്ര സ്വഭാവത്തിലേക്കു പോകുന്നവരുടെ സംഖ്യ സംസ്ഥാനത്ത് ഏറെയുമല്ല.

 

 

OTHER SECTIONS