സംസ്‌കരിക്കാന്‍ പണമില്ല: ബസപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉമിയിലും ഐസിലും പൊതിഞ്ഞ് സൂക്ഷിക്കുന്നു

By Shyma Mohan.12 Sep, 2018

imran-azhar


    ഹൈദരാബാദ്: തെലുങ്കാനയിലെ ജഗത്യാലിലുണ്ടായ ബസപകടത്തില്‍ മരിച്ചവരില്‍ മിക്കവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പണമില്ലാതെ ഉമിയിലും ഐസിലും സൂക്ഷിച്ച് ബന്ധുക്കള്‍. രഗുല രാജയ്യ എന്ന 50കാരിയുടെ മൃതദേഹം ഫ്രീസറില്‍ വെക്കാനുള്ള പണം പോലും നല്‍കാനാകാത്തതുമൂലം ഉമിയിലും ഐസിലുമിട്ട് സൂക്ഷിച്ചിരിക്കുകയാണ്. പണമില്ലാത്തതുമൂലം ദുബായിലുള്ള മകന്‍ ലക്ഷ്മണ്‍ എത്തിയാലേ ഇവരുടെ മൃതദേഹം സംസ്‌കരിക്കാനാവൂ എന്ന് രഗുല രാജയ്യയുടെ സഹോദരി പറയുന്നു. മറ്റുള്ളവരുടെ സ്ഥിതിയും രഗുലയില്‍ നിന്ന് വ്യത്യസ്തമല്ല. ശനിവാരംപേട്ട, ഹിമ്മത്രോപേട്ട്, രാമസാഗരം, തിര്‍മാലപൂര്‍, കോണാപൂര്‍ എന്നിവിടങ്ങളിലുള്ളവരും ഇത്തരത്തില്‍ ഉറ്റവര്‍ ദുബായില്‍ നിന്നും പണമെത്തിക്കുന്നത് കാത്തിരിപ്പാണ്. ജഗത്യാലിലും പരിസര പ്രദേശങ്ങളിലുമുള്ള ഭൂരിപക്ഷം പേരും തങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും മാതാപിതാക്കളെയും തനിച്ചാക്കി ജീവിത മാര്‍ഗ്ഗത്തിനായി ദുബായിലെത്തിയവരാണ്. ശനിവാരംപേട്ടയിലെ ഗജുല അശോകിനാകട്ടെ ഭാര്യയെയും ഏഴുവയസുകാരന്‍ മകനെയും ബസപകടത്തില്‍ നഷ്ടപ്പെട്ടു. വിവരം അറിഞ്ഞ് ഇയാള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്.