വെന്‍ഡല്‍ റോഡ്രിക്‌സ് മിനിമലിസത്തിന്റെ ഗുരു

By online desk .14 02 2020

imran-azhar

 

മിനിമലിസത്തിന്റെ ഗുരു എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ് വിടവാങ്ങി. വളരെ വൈകി ഫാഷന്‍ ഡിസൈനിംഗ് മേഖലയിലേയ്ക്ക് കടന്നുവന്ന വെന്‍ഡല്‍ വളരെ വേഗം ഇന്ത്യക്കാരനപരിചിതമായ അന്താരാഷ്ട്ര ഫാഷന്‍ ലോകത്ത് വ്യക്തിമുദ്രപതിപ്പിച്ചു. ലോസ് എയ്ഞ്ചല്‍സിലെയും പാരിസിലെയും ഫാഷന്‍ ട്രെന്‍ഡുകളെ താല്‍പ്പര്യപൂര്‍വ്വം പിന്തുടര്‍ന്ന റോഡ്രിഗ്‌സ് ഇന്ത്യയ്ക്ക ്ഫാഷന്‍ ഡിസൈനിംഗ് ലോകത്തെ വഴികാട്ടിയായിരുന്നു എന്ന് നിസംശയം പറയാം.

 

ഫ്രാന്‍സിലെ ഫാഷന്‍ ലോകത്ത് ഏറെ സുപരിചിതനായിരുന്നു റോഡ്രിഗ്‌സ്. ലോകത്തെ ഏറ്റവും വലിയ വസ്ത്രമേളയായ ഇഗഡോയിലേയ്ക്ക് ക്ഷണം ലഭിച്ച ഇന്ത്യാക്കാരനായ ആദ്യഫാഷന്‍ ഡിസൈനറായിരുന്നു വെന്‍ഡല്‍ റോഡ്രിഗ്‌സ്. അഭിനേതാക്കളായ ദീപിക പദുക്കോണ്‍, ഫറഖാന്‍, അനുഷ്‌ക ശര്‍മ്മ എന്നിവരുടെ കരിയറില്‍ നിര്‍ണ്ണായക പിന്‍ബലവുമായിരുന്നു അദ്ദേഹം. റിസോര്‍ട്ട് വെയറുകളുടെ ആശയം രൂപപ്പെടുത്തയതിലെ വഴികാട്ടിയായാണ് റോഡ്രിഗ്‌സ് അറിയപ്പെടുന്നത്. പ്രകൃതി സൗഹാര്‍ദ്ദ ഫാഷന്റെ വക്താവ് കൂടിയായിരുന്നു അദ്ദേഹം.

 

ഗോവയുടെ പരമ്പരാഗത വസ്ത്രമായ കുണ്‍ബി സാരിയെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. സോണിയ ഗാന്ധി, പ്രതിഭാ പാട്ടീല്‍, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ കുണ്‍ബി സാരിയുടെ പ്രചാരകരായതോടെ ഇവയുടെ ഡിമാന്റ് വര്‍ദ്ധിക്കുകയും അതുമൂലമുണ്ടായ വിലവിര്‍ദ്ധനവ് സാധാരണക്കാരായ കൈത്തറി തൊഴിലാളികള്‍ക്ക് നേട്ടമാകുകയും ചെയ്തു. ഖാദി പ്രചാരണത്തിലും സവിശേഷമായ ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നു. ലോകത്തെ ഏറ്റവും പ്രസിദ്ധമായ ജൈവമേളയായ ബയോഫെക്കില്‍ അദ്ദേഹം ഖാദിയെ പരിചയപ്പെടുത്തിയിരുന്നു.

 

ജര്‍മ്മിനിയിലെ ന്യൂറന്‍ബര്‍ഗിലാണ് ഈ മേള നടക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ളൊരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ കൂടിയാണ് വെന്‍ഡല്‍ റോഡ്രിഗ്‌സ് പ്രസക്തനാകുന്നത്. സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ആക്ടിവിസ്റ്റ്, അഭിനേതാവ്, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം വെന്‍ഡല്‍ റോഡ്രിഗ്‌സ് ശ്രദ്ധേയനായിരുന്നു. ബൂം എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലെത്തിയ റോഡ്രിഗ്‌സ് ഫാഷന്‍ എന്ന സിനിമയില്‍ വെന്‍ഡല്‍ റോഡ്രിഗ്‌സായി തന്നെ അഭിനയിച്ചിരുന്നു. ഒരു ടെലിവിഷന്‍ സീരിയലിലും അദ്ദേഹം വേഷമിട്ടിട്ടു.

 

യാത്രയെക്കുറിച്ചും കലയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമെല്ലാം അദ്ദേഹം ധാരാളം എഴുതി. മൂന്ന് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഗോവ റ്റുഡെ മാസികയില്‍ സാമൂഹികവിഷയങ്ങളും പ്രകൃതിവിഷയങ്ങളും പ്രതിപാദിച്ച് റോഡ്രിഗ്‌സ് കോളം എഴുതിയിരുന്നു. ഇന്ത്യന്‍ റിസോര്‍ട്ട് ഫാഷന്‍ വീക്കിനെതിരെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് വിമര്‍ശനം ഉന്നിയിക്കാനും അദ്ദേഹം മടിച്ചില്ല. സ്വവര്‍ഗ്ഗരതിക്കാര്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ തുറന്ന അദ്ദേഹം ഗേകളുടെ അവകാശത്തിനായും ശബ്ദം ഉയര്‍ത്തിയിരുന്നു.

 

1960ല്‍ ഗോവയില്‍ ജനിച്ച വെന്‍ഡല്‍ റോഡ്രിഗ്‌സ് വളര്‍ന്നത് മുംബൈയിലായിരുന്നു. സ്‌കൂള്‍ പഠനത്തിന് ശേഷം കാറ്ററിംഗിലായിരുന്നു അദ്ദേഹം ബിദുദഡിപ്ലോമ പൂര്‍ത്തിയാക്കിയത്. പഠനത്തിന് ശേഷം മസ്‌കറ്റിലെ റോയല്‍ ഒമാന്‍ പൊലീസ് ഓഫീസേഴ്‌സ് ക്ലബില്‍ അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഈ ജോലിയിലിരിക്കെയാണ് ഫാഷന്‍ ഡിസൈനിംഗിലേയ്ക്ക് വഴിമാറുന്നത്. 2014 രാജ്യം പത്മശ്രീ നല്‍കി വെന്‍ഡല്‍ റോഡ്രിഗ്‌സിനെ ആദരിച്ചു.

 

2016ലെ ലാക്‌മെ ഫാഷന്‍ വീക്കിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ റാമ്പ് പ്രകടനം. അറുപത് വയസ്സ് പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം മാത്രം ശേഷിക്കെയാണ് രുരൂഹതകള്‍ ബാക്കിയാക്കി വെല്‍ഡല്‍ റോഡ്രിഗ്‌സ് വിടപറഞ്ഞത്. രാജ്യം കണ്ട ഏറ്റവും മികച്ച ഫാഷന്‍ ഡിസൈനര്‍ എന്നതിലുപരി സ്വന്തമായി വച്ചുപുലര്‍ത്തിയ സാമൂഹ്യമായ ഉള്‍ക്കാഴ്ചകളില്‍ നിന്ന് കടുകിടെ മാറാതെ സഞ്ചരിച്ച് വ്യക്തിയെന്ന നിലയിലുമാണ് വെന്‍ഡല്‍ റോഡ്രിഗ്‌സിനെ സ്മരിക്കേണ്ടത്.

 

 

OTHER SECTIONS