കൊടും കുറ്റവാളിയുടെ ഈ തലച്ചോറിനുള്ളിലെന്താണ്

By online desk .14 09 2020

imran-azhar

 

 

ലിസ്ബണ്‍ യൂണിവേഴ്‌സിറ്റിയിലെ വൈദ്യശാസ്ത്ര വിഭാഗത്തില്‍ മരിച്ച് പോയൊരു മനുഷ്യന്റെ തല സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഇയാള്‍ വെറുറുതേ അങ്ങ് മരിച്ചതല്ല. കൊടുകുറ്റകൃത്യം ചെയ്തതിന് തൂക്കിലേറ്റപ്പെട്ടയാളുടെ തലയാണിത്. പോര്‍ച്ചുഗലിലെ ഒരു സീരിയല്‍ കില്ലറായി ഒരു പാട് പേരെ ഭയപ്പെടുത്തിയ ആള്‍ മരിച്ച് കഴിഞ്ഞുംആളുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഇപ്പോഴും ആ ലാബിനുള്ളിലേയ്ക്ക് കടന്നുവരുന്ന ഫിസിഷ്യന്‍മാരും അനാട്ടമി ടെക്‌നീഷ്യ•ാരും എല്ലാവരും വല്ലാത്ത ഒരു അസ്വസ്ഥതയോടെയാണ് ആ ചില്ലുകുപ്പിയിലേയ്ക്ക് നോക്കുന്നത്. ഡിയോഗോ ആല്‍വസ്, പോര്‍ച്ചുഗലിന്റെ ആദ്യത്തെ സീരിയല്‍ കില്ലറാണ്. പോര്‍ച്ച്ഗലില്‍ തൂക്കിലേറ്റപ്പെട്ട അവസാനത്തെ വ്യക്തിയയുമാണ്. ഡിയോഗോ ആല്‍വസിനെ വധിച്ച ശേഷം തൂക്കിലേറ്റുന്ന സമ്പ്രദായം പോര്‍ച്ചുഗല്‍ നിര്‍ത്തലാക്കി. എടുത്തു പറയാന്‍ ഒരു മഹിമയുമില്ലാത്ത ഒരു കൊടും ക്രിമിനലിന്റെ തല എന്തിനാണ് ഇങ്ങനെ നൂറ്റാണ്ടുകളായി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്ന സംശയം ആര്‍ക്കുമുണ്ടാകാം. അതിനൊരു കാരണമുണ്ട്. അതറിയുന്നതിന് മുമ്പ് അയാള്‍ ആരെന്ന് നോക്കാം.

 


1810 -ല്‍ ഗലീഷ്യയില്‍ ജനിച്ച ഡിയോഗോ ആല്‍വസ് തലസ്ഥാന നഗരത്തിലെ സമ്പന്നമായ വീടുകളില്‍ ജോലി ചെയ്ത് ജീവിച്ചു പോന്നൊരാളാണ്. അതിനിടെ എളുപ്പത്തില്‍ പണക്കാരനാകുന്നതിനെക്കുറിച്ചയാള്‍ ചിന്തിച്ച് തുടങ്ങി. എളുപ്പത്തില്‍ പണക്കാരനാകാന്‍ കുറച്ച് കുറ്റകൃത്യങ്ങളൊക്കെ ചെയ്യണ്ടതായി വരുമെന്ന് വിശ്വസിച്ച അയാള്‍ അധികം താമസിയാതെ അതിനുള്ള വഴികള്‍ കണ്ടെത്തി. രാത്രിയില്‍ നഗരത്തില്‍ നിന്ന് യാത്ര തിരിക്കുന്ന കര്‍ഷകരെ കാത്ത് അദ്ദേഹമൊരു പാലത്തിലിരിക്കും. വരുന്നവരെ കൈയിലുള്ള പണവും സമ്പത്തുമെല്ലാം കൈക്കലാക്കിയശേഷം 200 അടി ഉയരമുള്ള പാലത്തില്‍ നിന്ന് അവരെ താഴെ തള്ളിയിട്ട് കൊലപ്പെടുത്തും. ഇപ്രകാരം മൂന്നു വര്‍ഷത്തിനിടെ ആല്‍വസ് 70 പേരെ കാലപുരിക്കയച്ചു. ഇതെല്ലാം ആത്മഹത്യകളാണ് എന്ന നിഗമനത്തിലായിരുന്നു പൊലീസും മരിച്ചവരുടെ ബന്ധുക്കളുമെല്ലാം. ഇതിനിടെ പാലം താല്‍ക്കാലികമായി അടച്ചിടാന്‍ കാരണമായി. അതോടെ അതുവഴി ആളുകള്‍ വരാതായി. അപ്പോള്‍ അയാള്‍ പണമുണ്ടാക്കാന്‍ അടുത്ത വഴികള്‍ അന്വേഷിച്ചു. ഒടുവില്‍ അയാള്‍ വീടുകള്‍ കൊള്ളയടിക്കാനും അവരുടെ ജോലിക്കാരെ കൊലപ്പെടുത്താനും ആരംഭിച്ചു. ഇപ്രകാരം ഒരു ഡോക്ടറുടെ വീട്ടില്‍ക്കയറി അവിടുത്തെ നാലംഗങ്ങളെ കൊലപ്പെടുത്തി. പക്ഷേ അയാള്‍ അവിടെ വച്ച് പിടിക്കപ്പെട്ടു. പിന്നീട് ആല്‍വസിനെ തൂക്കിക്കൊല്ലാന്‍ വധിക്കുകയായിരുന്നു. 

 

രാജ്യത്തെ ആദ്യസീരിയല്‍ കില്ലറാണ് ഡിയോഗോ ആല്‍വസ് എന്ന് പറയുന്നുണ്ടെങ്കിലും ചിലര്‍ അത് അംഗീകരിക്കുന്നില്ല. 28 കുട്ടികളെ വിഷം കൊടുത്തു കൊന്ന ലൂയിസാ ഡി ജീസസ് എന്ന സ്ത്രീയാണ് പോര്‍ച്ചുഗലിലെ ആദ്യ സീരിയല്‍ കില്ലര്‍ എന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്. അതുപോലെതന്നെ, അവസാനം തൂക്കിലേറ്റിയ വ്യക്തിയെന്ന അനുമാനവും തെറ്റാണ് എന്ന് വാദിക്കുന്നവരുമുണ്ട്. ഇനി ഡിയോഗോ ആല്‍വസിന്റെ തല എന്തിനാണ് ചില്ലുപാത്രത്തില്‍ ഇത്രയും കാലമായി സൂക്ഷിച്ചിരിക്കുന്നത് എന്ന് നോക്കാം. ഡിയോഗോ ആല്‍വസ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ചില മാനസികവൈകല്യങ്ങള്‍ അഥവാ സ്വഭാവഗുണങ്ങള്‍ ഒരാളുടെ തലയോട്ടിയുടെ വലുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ഒരു വിശ്വാസം പോര്‍ച്ചുഗലില്‍ നിലനിന്നിരുന്നു. ആല്‍വസിനെപ്പോലുള്ള ഒരു വ്യക്തിയെ ഇത്രയധികം ദുഷ്ടനാക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ അയാളുടെ തലയോട്ടി പരിശോധിക്കാമെന്ന് ചില ഗവേഷകര്‍ തീരുമാനിച്ചു.

 


അങ്ങനെയാണ് അയാളുടെ നിര്‍ജ്ജീവമായ ശരീരത്തില്‍ നിന്ന് തല മുറിച്ചെടുത്ത് ഗ്ലാസ് കുപ്പിക്കകത്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ആല്‍വസിന്റെ തല പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ക്ക് പ്രത്യേകിച്ച് ഒന്നും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. എന്നാലും അത് ഇന്നും എല്ലാവര്‍ക്കും കാണാനായി അവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായി ആല്‍വസ് എങ്ങനെ മാറി എന്നത് കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞില്ലെങ്കിലും ആ തല ചില്ലുകുപ്പിയില്‍ ഇരിക്കുന്ന കാലത്തോളം അയാളുടെ കുറ്റകൃത്യങ്ങള്‍ ലോകം മറക്കില്ല എന്നുറപ്പാണ്.

 

 

 

OTHER SECTIONS