സന്ധ്യയുടെ കരളെവിടെ? സന്ധ്യ അവയവ കച്ചവട മാഫിയയുടെ ഇരയെന്ന് സംശയം : മരണത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

By online desk .11 11 2020

imran-azhar

 

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിനി സന്ധ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സനല്‍കുമാറിന്റെ അച്ഛന്റെ സഹോദരിയുടെ മകളാണ് സന്ധ്യ. കഴിഞ്ഞ ശനിയാഴ്ചയാണ് സന്ധ്യ മരണപ്പെട്ടത്. പറയത്തക്ക അസുഖമൊന്നും ഇല്ലാതിരുന്ന സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും സനല്‍കുമാര്‍ ആവശ്യപ്പെട്ടു. അച്ഛനില്ലാതെ വളര്‍ന്ന സന്ധ്യയ്ക്ക് എഴുത്തും വായനയും അറിയില്ല. വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു സന്ധ്യയെന്നാണ് കരുതിയതെന്ന് സനല്‍കുമാര്‍ പറഞ്ഞു. എന്നാല്‍ അവരുടെ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതാണെന്ന് മരണത്തോടെയാണ് മനസിലായതെന്നും സനല്‍കുമാര്‍ കലാകൗമുദിയോട് പറഞ്ഞു.

 

മരണത്തിലെ ദുരൂഹത സംബന്ധിച്ച് സനല്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സന്ധ്യ 2018 ല്‍ അവളുടെ കരള്‍ രഹസ്യമായി 10 ലക്ഷം രൂപയ്ക്ക് ഒരാള്‍ക്ക് വിറ്റു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യം ശസ്ത്രക്രിയ കഴിയുന്നത് വരെ ഭര്‍ത്താവിനെയോ സഹോദരനെയോ മറ്റു ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല എന്നത് ദുരൂഹമാണ്. വീട്ടില്‍ ആരോടും പറയാതെ സന്ധ്യ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയെന്നും ആ സമയത്ത് എറണാകുളത്ത് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് പഠിക്കുകയായിരുന്ന മകളെ വിളിച്ചു വരുത്തി ശസ്ത്രക്രിയക്ക് സമ്മതം കൊടുക്കണമെന്നും മറ്റാരോടെങ്കിലും പറഞ്ഞാല്‍ താന്‍ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞു എന്നുമാണ് മകള്‍ പറയുന്നതെന്ന് സനല്‍കുമാര്‍ പറഞ്ഞു.

 

സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ?

 

എഴുത്തും വായനയും അറിയാത്ത സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത എത്തിയെന്നു പറയുന്നത് വിശ്വസനീയമല്ല. ശസ്ത്രക്രിയക്കായി സന്ധ്യ നാട്ടില്‍ നിന്നും മാറി നിന്ന സമയത്ത് ഞങ്ങള്‍ അറിഞ്ഞിരുന്നത് അവള്‍ വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയി എന്നായിരുന്നു. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കുകയാണെങ്കില്‍ തെളിവ് നശിപ്പിക്കുന്നതിനു കാരണമാവും. ഏതെങ്കിലും അവയവങ്ങള്‍ വിറ്റിട്ടുണ്ടോ എന്നും അറിയണം. കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് വന്നതോടെ തെളിവുകള്‍ നശിപ്പിക്കാന്‍ വളരെ എളുപ്പമാണെന്നും കരുതുന്നതായി സനല്‍കുമാര്‍ ആരോപിക്കുന്നു.

 


സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണ്. ഇത് അടിയന്തിരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണെന്നും സനല്‍കുമാര്‍ പറഞ്ഞു.
മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. പരിശോധനയ്‌ക്കെത്തിയ നെയ്യാറ്റിന്‍കര പൊലീസ് മൃതദേഹത്തിലെ പാടുകള്‍ ഒന്നുംതന്നെ രേഖപ്പെടുത്തിയില്ല. മൃതദേഹത്തില്‍ വലതു കൈത്തണ്ടയില്‍ ചതവുപോലുള്ള ഒരു പാടും ഇടത് കണ്ണിനു താഴെയായി ചോരപ്പാടും കഴുത്തില്‍ വരഞ്ഞപോലുള്ള പാടും കണ്ടു. അതിന്റെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ തന്നെ ബലം പ്രയോഗിച്ച് പുറത്താക്കി വാതിലടച്ചെന്നും സനല്‍കുമാര്‍ പറയുന്നു. പിന്നീട് അവര്‍ പുറത്തു വന്നപ്പോള്‍ ഞാന്‍ സൂചിപ്പിച്ച അടയാളങ്ങളുടെ ഫോട്ടോ എടുത്തിട്ടില്ലാത്തതിനാല്‍ നിര്‍ബന്ധം പിടിച്ച് ഫോട്ടോ എടുപ്പിക്കേണ്ടി വന്നു. ഇവയൊക്കെ ഇന്‍ക്വസ്റ്റില്‍ എഴുതിച്ചേര്‍ക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാം എഴുതിയിട്ടുണ്ടെന്നും വായിച്ച് കേള്‍പ്പിക്കാന്‍ സാധ്യമല്ല എന്നും പൊലീസുകാര്‍ പറഞ്ഞു.

 

മാത്രമല്ല സന്ധ്യയുടെ സഹോദരനോട് ഒരു വെള്ള കടലാസില്‍ ഒപ്പിട്ടുകൊടുക്കാന്‍ കൂടി പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ശബ്ദമുയര്‍ത്തി. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന എസ് ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ തന്നെയും സന്ധ്യയുടെ സഹോദരന്‍ രാധാകൃഷ്ണനെയും ബലമായി പുറത്താക്കാന്‍ ശ്രമിച്ചെന്നും സനല്‍കുമാര്‍ പറയുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെ ബന്ധപ്പെടുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ സിഐ പൊലീസുകാരോട് എല്ലാം കൃത്യമായി രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത സനല്‍കുമാര്‍ പറയുന്നു.

 

 

OTHER SECTIONS