വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി: ഫോട്ടോ ഇനി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും

By Shyma Mohan.13 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മനഃപൂര്‍വ്വം തിരിച്ചടയ്ക്കാന്‍ കൂട്ടാക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയുമായി ധനകാര്യ മന്ത്രാലയം. വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും അതിന് തയ്യാറാകാത്തവരുടെ ഫോട്ടോ പത്രങ്ങളില്‍ പരസ്യപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ധനകാര്യ മന്ത്രാലയം കത്തയച്ചു.
    മനഃപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിന് പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡിനോട് നയം രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കൂട്ടാക്കാത്തവരുടെ എണ്ണം 2017 ഡിസംബറില്‍ 9063 ആയി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ധനകാര്യ മന്ത്രാലയത്തിന്റെ നീക്കം. 110050 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടമായുള്ളതെന്ന് ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ല ലോക്‌സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
    ബോധപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച 50 കോടിയിലധികം വായ്പ എടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസങ്ങള്‍ക്കകം ശേഖരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.


OTHER SECTIONS