പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം; സൂരജിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

By Akhila Vipin .25 05 2020

imran-azhar

 

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലർച്ചയോടെയാണ് സൂരജിനെ അഞ്ചലിലുള്ള ഉത്രയുടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം അടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തു. ഫിംഗർ പ്രിന്റ് വിദഗ്ധർ വിരലടയാളങ്ങൾ ശേഖരിച്ചു. തെളുവെടുപ്പിനായി കൊണ്ട് വന്ന സൂരജിനെതിരെ പ്രതിക്ഷേധവുമായി ഉത്രയുടെ വീട്ടുകാരും നാട്ടുകാരും രംഗത്തെത്തി.

 

മേയ് ഏഴിനാണ് ഉത്രയെ കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇടതുകയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. കരിമൂർഖനെ കൊണ്ടാണ് ഉത്രയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച് രണ്ടിന് അടൂർ, പറക്കോട്ട് ഭർത്താവിന്റെ വീട്ടിൽവെച്ച് ഉത്രയെ പാമ്പുകടിച്ചിരുന്നു. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ഇതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് രണ്ടാമതും പാമ്പുകടിയേറ്റത്.ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. അന്ന് വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാൽ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

 


കരിമൂർഖനെ ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സൂരജിന്റെ മൊഴി. കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനായി സൂരജ് കരിമൂർഖനെ വാങ്ങുന്നത്. ഇയാൾക്ക് സൂരജ് 10000 രൂപയും മുൻകൂറായി നൽകിയിരുന്നു. ഉത്രയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും സൂരജ് പോലീസിനോട് പറഞ്ഞു. ഇതിനായി ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി ഉത്രയെ കടിപ്പിച്ചെങ്കിലും രക്ഷപ്പെട്ടു.

 

തുടർന്നാണ് കരിമൂർഖനെ വാങ്ങുന്നത്. പാമ്പിനെ വലിയ ബാഗിനുള്ളിലാക്കിയാണ് ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിച്ചത്. രാത്രി ഉറങ്ങിക്കിടന്ന ഉത്രയുടെ മുകളിൽ പാമ്പിനെ കുടഞ്ഞിടുകയായിരുന്നുവെന്നും, പാമ്പ് രണ്ട് തവണ കടിച്ചതായും സൂരജ് പറഞ്ഞു. മറ്റൊരു വിവാഹം ചെയ്യണമെന്ന ലക്ഷ്യമായിരുന്നു സൂരജിനെ കൊലപാതകത്തിലേക്ക് നയിച്ചത്. പാമ്പുപിടുത്തക്കാരൻ സുരേഷിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജിന്റെ ബന്ധുക്കളും പോലീസ് കസ്റ്റഡിയിലുണ്ട്.

 


ഉത്രയുടെ മരണത്തിൽ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടർന്ന് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്.പി. ഹരിശങ്കറിന് പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.

 

 

 

 

OTHER SECTIONS