By Maya Devi V..18 01 2021
ബംഗളുരു: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രംഗത്ത്. മറാത്തി ഭാഷയും സംസ്കാരവുമുള്ള അതിര്‍ത്തി പ്രദേശങ്ങളെ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന താക്കറെയുടെ പരാമര്‍ശം ഇന്ത്യന്‍ യൂണിയന്റെ തത്വങ്ങള്‍ക്ക് കടകവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാജന് റിപ്പോര്‍ട്ട് ശരിയും അന്തിമവും ആണെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദാന്തരീക്ഷത്തെ അട്ടിമറിക്കാനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. പ്രാദേശികതാവാദവും ഭാഷ വാദവും ഒക്കെ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നതാണ്. താന്‍ അതിനെ അപലപിക്കുന്നു. കര്‍ണാടകയില്‍ മറാത്തകള്‍ കന്നഡക്കാര്ക്കൊപ്പം് കഴിയുന്നത്. അതുപോലെ തന്നെ തിരിച്ചും.
മറാത്തികള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ മഹാരാഷ്ട്രയ്ക്കൊപ്പം ചേര്‍ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് താക്കറെ പറഞ്ഞത്. കര്‍ണാടകയിലെ മറാത്തികളെയും കൂടി കൂട്ടിയിണക്കി മഹാരാഷ്ട്രയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുമ്പോള്‍ അത് അതിര്‍ത്തി യുദ്ധങ്ങളില്‍ രക്തസാക്ഷികളായ പട്ടാളക്കാര്‍ക്കുള്ള ഒരു പ്രണാമമര്പ്പിക്കലാകുമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തിരുന്നു. നാം ഇതിന് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാഗ്ദാനം പാലിച്ച് നമുക്ക് രക്തസാക്ഷികളെ ആദരിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.