അബെയുടെ പാത പിന്തുടരാന്‍ യോഷിഹി സുഗെ

By online desk .16 09 2020

imran-azhar

 

 

ഇന്ത്യയോട് എന്നും അടുപ്പം പുലര്‍ത്തിയിരുന്ന രാജ്യമാണ് ജപ്പാന്‍. ഇന്ത്യാക്കാരായ നിരവിധി പേര്‍ ജപ്പാനില്‍ തൊഴിലെടുക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയ്‌ക്കെതിരായ ആക്രമണം ചൈന ശക്തമാക്കിയപ്പോള്‍ പരസ്യമായി ഇന്ത്യയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച രാജ്യമാണ് ജപ്പാന്‍. പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ അബെ നരേന്ദ്രമോദിയുമായുള്ള അടുപ്പം ഏറെ ചര്‍ച്ചയായതാണ്. ഈ സാഹചര്യത്തിലാണ് അബെയുടെ സ്ഥാനമൊഴിയലും യോഷിഹി സുഗ പുതിയ പ്രധാന മന്ത്രിയായി ചുമതലയേല്‍ക്കാന്‍ പോകുന്നതും. അബെയുടെ പാത പിന്തുടരുമെന്ന് സുഗെ പറയുന്നുണ്ടെങ്കിലും വിദേശരാജ്യങ്ങളോട് സുഗെ സ്വീകരിക്കുന്ന നിലപാട് നിര്‍ണാകമാവും. തുടര്‍ന്നും ഇന്ത്യയോടുള്ള സമീപനം എങ്ങനെയായിരിക്കുമെന്നത് അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിന് ശേഷമായിരിക്കും അറിയാന്‍ കഴിയുക.

 


ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ വിവിധ വിഭാഗക്കാരുടെ പിന്തുണയോടെ സുഗെ പ്രധാനമന്ത്രിയാകുന്നതിനാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ആശങ്കപ്പെടേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. അബെയുടെ അടുത്ത അനുയായിയും മുന്‍ ചീഫ് ക്യാബിനിറ്റ് സെക്രട്ടറിയുമാണ് സുഗെ. ഇന്ത്യയും അമേരിക്കുയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഒപ്പം നിര്‍ത്തിയുള്ള ഭരണ നിര്‍വഹണമായിരിക്കും അദ്ദേഹം തുടരുകയെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചൈനയും വടക്കന്‍ കൊറിയയുമായി നില നില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ഇടയില്‍ ജപ്പാനും അമേരിക്കയുമായി നില നില്‍ക്കുന്ന നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സുഗ വ്യക്തമാക്കിയിട്ടുണ്ട്. 'തനിക്ക് അബെ യുടേത് പോലെയുള്ള നയതന്ത്രജ്ഞത വശമില്ലെന്നും അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്.

 


ആബെയുമായി നീണ്ട കാലത്തെ രാഷ്ട്രീയ ബന്ധം ഉണ്ടെകിലും സുഗയുടെ പശ്ചാത്തലം അബെയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ആബെയുടെ അച്ഛനും മുത്തശ്ശനും രാഷ്ട്രീയ നേതാക്കള്‍ ആണെന്നിരിക്കെ, സുഗയുടെ അച്ഛന്‍ ജപ്പാനിലെ ഒരു സ്‌ട്രോബറി കര്‍ഷകനാണ്. അവകാശപ്പെടാന്‍ കാര്യമായ രാഷ്ട്രീയ പൈതൃകം ഒന്നുമില്ലാത്ത സാഹചര്യത്തില്‍ നിന്നുമാണ് സുഗ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ നേതൃ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്. കുട്ടിക്കാലത്ത് വളരെ നിശബ്ദനായ ഒരു കുട്ടിയായിരുന്നു സുഗ എന്ന് അദ്ദേഹത്തിന്റെ സഹപാഠികള്‍ വെളിപ്പെടുത്തുന്നു. യുസാവയിലെ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ശേഷം, സുഗ ടോക്കിയോയിലേക്ക് യാത്ര ചെയ്തു, തന്റെ പഠന ചെലവുകള്‍ വഹിക്കുന്നതിന് അവിടെ അദ്ദേഹം ഒരു കാര്‍ഡ്‌ബോര്‍ഡ് ഫാക്ടറിയിലെയും സുകിജി ഫിഷ് മാര്‍ക്കറ്റിലെയും പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തിരുന്നു. 1987ലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

 

1996 ല്‍ ലോവര്‍ ഹൗസിലേക്ക് ഒരു സീറ്റ് നേടിയതുമുതലാണ് അബെയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രണ്ടാം തവണയും മത്സരിക്കാനുള്ള അബെയുടെ തീരുമാനത്തിന് പിന്നില്‍ സുഗയുടെ ഇടപെടല്‍ ഉണ്ടായിരുന്നു എന്നാണ് പലരും കരുതുന്നത്. 71 വയസ്സുകാരനായ യോഷിഹി സുഗ പ്രധാന മന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായം ചെന്നയാളാണ്.

 


ആരോഗ്യപരമായ പ്രശ്‌നത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അബെ രാജിവച്ചത്. സ്ഥിരമായ ചികിത്സ വേണ്ടതിനാലാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത് എന്നാണ് ഷിന്‍സോ അബെയുടെ പ്രതികരിച്ചത്. ജനങ്ങളില്‍ നിന്നുള്ള ഉത്തരവ് ആത്മവിശ്വാസത്തോടെ നിറവേറ്റാന്‍ ഇപ്പോള്‍ തനിക്ക് കഴിയാത്തതിനാല്‍, പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു എന്ന് രാജി പ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.

 


ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി അബെ 2017ല്‍ ഇന്ത്യയിലെത്തിയിരുന്നു. പ്രതിരോധം, ഊര്‍ജ്ജം, കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം ഉറപ്പിച്ചാണ് അന്ന് അദ്ദേഹം മടങ്ങിയത്. മാത്രമല്ല സബര്‍മതി ആശ്രമവും 16ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന സീതി സയ്യിദ് മസ്ജിദ് സന്ദര്‍ശിക്കുകയും ജപ്പാന്‍ സഹകരണത്തോടെയുള്ള ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മവും നിര്‍വഹിച്ചാണ് അദ്ദേഹം മടങ്ങിയത്.

 

OTHER SECTIONS