തലമുറയെ വെളിച്ചത്തിലേക്ക് നയിച്ച നീരജ്

By online desk .13 07 2020

imran-azhar

 

 

ബാലവേലയില്‍ നിന്നും മോചിതനായ നീരജ് എന്ന ചെറുപ്പക്കാരന്റെ ഇച്ഛാശക്തിയില്‍ ഇന്ന് നിരവധി കുഞ്ഞുങ്ങള്‍ അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കഴിഞ്ഞു. 2018 -ല്‍ സ്വന്തം ഗ്രാമത്തില്‍ ഒരു വിദ്യാലയം പാവപ്പെട്ട കുട്ടികള്‍ക്കായി തുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കൈലാഷ് സത്യാര്‍ത്ഥി എന്ന് പേരിട്ട വിദ്യാലയത്തില്‍ നിന്നും 200 വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസം നേടിയത്.

 

ജൂലൈ ഒന്നിനാണ് ജാര്‍ഖണ്ഡിലെ ഗിരിടിഹ് ജില്ലയിലുള്ള നീരജ് മുര്‍മുവിന് വെര്‍ച്വല്‍ സെറിമണിയിലൂടെ 2020 -ലെ ഡയാന അവാര്‍ഡ് സമ്മാനിച്ചത്. ബാലവേലയ്‌ക്കെതിരെയുള്ള പോരാട്ടത്തിനുള്ള അംഗീകാരമായിരുന്നു അത്. ''മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നില്ലെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവുമില്ല. വിദ്യാഭ്യാസമാണ് എന്നെ ബാലവേലയില്‍ നിന്നും രക്ഷിച്ചത്. ഡയാന അവാര്‍ഡ് ഇതുവരെ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ തുടരണം എന്നാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. നിരാലംബരായ കുരുന്നുകളിലേക്ക് ഇനിയും വിദ്യാഭ്യാസം എത്തിക്കണം. എന്റെ അവസ്ഥ അവര്‍ക്ക് വരരുത്.'' പുരസ്‌കാരത്തെ കുറിച്ച് ഇരുപത്തിരണ്ടുകാരനായ നീരജിന്റെ പ്രതികരണം വളരെ ലളിതമാണ്. 1999 -ല്‍ തുടക്കമിട്ട ഡയാന അവാര്‍ഡ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കാനുള്ളതാണ്. ഈ വര്‍ഷം പ്രസ്തുത അവാര്‍ഡ് ലഭിച്ച 23 ഇന്ത്യക്കാരില്‍ ഒരാളാണ് നീരജ്. വിദ്യാഭ്യാസം നേടാനാവാത്ത കുഞ്ഞുങ്ങള്‍ക്കായി ഒരു സൗജന്യ വിദ്യാലയവും നീരജ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍, വെറുതെ ഒരുദിവസം സ്‌കൂള്‍ തുറന്ന് കുറച്ചു കുഞ്ഞുങ്ങള്‍ പഠിച്ചോട്ടെ എന്ന് കരുതിയ ഒരാളല്ല ഈ ഇരുപത്തിരണ്ടുകാരന്‍. നീരജ് ചെയ്ത കാര്യം എത്ര പ്രധാനമാണ് എന്നറിയണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതം അറിയേണ്ടതുണ്ട്. പട്ടിണിയിലും ബാലവേലയിലും തുടങ്ങി നീരജ് നടന്ന വഴികളൂടെ ചൂടറിയേണ്ടതുണ്ട്.

 

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ കൈലാഷ് സത്യാര്‍ത്ഥിയാണ് നീരജിന് പുരസ്‌കാരം ലഭിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കൈലാഷിന്റെ ഫൗണ്ടേഷന്‍ 10 വര്‍ഷം മുമ്പ് ബാലവേലയില്‍ നിന്നും മോചിപ്പിച്ചയാളാണ് നീരജ്. 'എന്തൊരഭിമാനമുള്ള നിമിഷമാണിത്. എന്നെ, സംബന്ധിച്ച്, എന്റെ ഓര്‍ഗനൈസേഷനെയും ഇന്ത്യയെയും സംബന്ധിച്ച്. എന്റെ മകന്‍ നീരജ് മുര്‍മു 2020 -ലെ ഡയാന പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നു. വിദ്യാഭ്യാസമേഖലയിലെ പ്രവര്‍ത്തനത്തിനാണ് അംഗീകാരം. 2011 -ല്‍ അപകടകരമായ ഖനികളിലൊന്നിലെ തൊഴിലാളിയായിരുന്നു അവന്‍.' എന്നാണ് കൈലാഷ് സത്യാര്‍ത്ഥി കുറിച്ചത്. ബാലവേലയില്‍ നിന്നും മോചിതനായ നീരജ് തന്നെ മോചിപ്പിച്ചവരുടെ പാത പിന്തുടരുകയായിരുന്നു. 2018 -ല്‍ സ്വന്തം ഗ്രാമത്തില്‍ ഒരു വിദ്യാലയം പാവപ്പെട്ട കുട്ടികള്‍ക്കായി തുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കൈലാഷ് സത്യാര്‍ത്ഥി എന്ന് പേരിട്ട വിദ്യാലയത്തില്‍ നിന്നും 200 വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസം നേടിയത്. ഇരുപത് കുഞ്ഞുങ്ങളെ ബാലവേലയില്‍ നിന്നും ഖനിത്തൊഴിലില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

 


നീരജിന്റെ ജീവിതം

 


പാവപ്പെട്ട ഒരു ആദിവാസി കുടുംബത്തിലാണ് നീരജ് ജനിച്ചത്. പട്ടിണിയുടെ പടുകുഴിയിലായിരുന്നു ഏഴംഗങ്ങളുള്ള ആ കുടുംബം. അച്ഛന്‍ കര്‍ഷകനും അമ്മ ഖനികളില്‍ തൊഴിലെടുക്കുകയും ചെയ്തിരുന്നുവെങ്കിലും അവര്‍ക്ക് കഴിഞ്ഞുകൂടാനുള്ളതുപോലും കിട്ടിയിരുന്നില്ല. ഒമ്പതാമത്തെ വയസ്സില്‍ നീരജ് ഖനികളില്‍ തൊഴില്‍ ചെയ്തു തുടങ്ങി. ആ അവസ്ഥയില്‍ സ്‌കൂളില്‍ പോവുക എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അവിടെ ഒരേയൊരു കാര്യം ചെയ്യാനുണ്ടായിരുന്നത് ഫാമിലി മൈനിംഗ് മാത്രമായിരുന്നു. ജാര്‍ഖണ്ഡിന്റെ പല മേഖലകളിലും അമ്മയും അച്ഛനും മക്കളുമെല്ലാം ഒരുമിച്ച് ഖനിത്തൊഴിലില്‍ ഏര്‍പ്പെടുന്ന പതിവുണ്ട്. പലപ്പോഴും അപകടകരമായിരുന്നുവെങ്കിലും അച്ഛനും അമ്മയും കുട്ടികള്‍ മൈനുകളിലിറങ്ങുന്നതിനും മറ്റും തടസമൊന്നും പറഞ്ഞിരുന്നില്ല. ഭക്ഷണത്തിനുള്ള വക എന്നതുകൊണ്ടുതന്നെ അവരെ വിലക്കിയുമില്ല.

 


കുട്ടികള്‍ ശ്വാസകോശ തകരാറുകള്‍ക്കും പൊടി ശ്വസിക്കുന്നതില്‍ നിന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും വിധേയരായിരുന്നു പലപ്പോഴും. മിക്കപ്പോഴും, പ്രായപൂര്‍ത്തിയാകാത്തവര്‍ അവശിഷ്ടങ്ങളില്‍ മുങ്ങിമരിച്ചു. കുട്ടിക്കാലം ആ ഖനികളിലും പരിസരങ്ങളിലുമായി ഹോമിച്ചുകളയേണ്ടിവന്ന ആയിരക്കണക്കിനു കുഞ്ഞുങ്ങളില്‍ ഒരാളായിരുന്നു നീരജും. എന്നാല്‍, കെഎസ്‌സിഎഫ് നീരജിന്റെ ഗ്രാമത്തിലെത്തുകയും ഈ തൊഴിലിന്റെ അപകടങ്ങളും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യങ്ങളും പറഞ്ഞുകൊടുത്തപ്പോള്‍ ബോദ്ധ്യപ്പെട്ട അപൂര്‍വം ചിലരില്‍ അവന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. ആറാം ക്ലാസില്‍ പഠിത്തം അവസാനിപ്പിച്ചയാളായിരുന്നു നീരജിന്റെ അച്ഛന്‍. അദ്ദേഹം അവനെ പ്രാഥമികപാഠങ്ങളെല്ലാം പഠിപ്പിച്ചു. അവനെ എട്ടാം ക്ലാസിലേക്ക് ചേര്‍ത്തു. അത് നീരജിനെ സംബന്ധിച്ച് പുതിയൊരു ലോകമായിരുന്നു. അവന് സുഹൃത്തുക്കളുണ്ടായി, ഉച്ചഭക്ഷണം കൃത്യമായിക്കിട്ടി, എല്ലാത്തിലുമുപരിയായി വിദ്യാഭ്യാസം കിട്ടി. ആ സമയത്താണ് നഷ്ടമായിപ്പോയ തന്റെ കുട്ടിക്കാലം തിരിച്ചുകിട്ടിയതായി അവന് തോന്നിയത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ നീരജ് കൈലാഷിന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് സത്യം ചെയ്തു. എന്നാല്‍, അവന്റെ യാത്ര സുഖകരമായിരുന്നില്ല. പരീക്ഷകളില്‍ പരാജയപ്പെടുന്നതു മുതല്‍ തുടങ്ങിയ നീരജ് എന്നാല്‍ പിന്നീട് ക്ലാസ്സുകളില്‍ ഒന്നാമതെത്തി. ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും കൂടി സ്വന്തമായി പഠിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുപോയി.

 


സ്‌കൂള്‍ പഠനം തീര്‍ന്നതോടെ നീരജ് ഒരു എന്‍ജിഒ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പോടെ ചെന്നൈയില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്കായി ചേര്‍ന്നു. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പാതിവഴിയില്‍ അവസാനിപ്പിച്ചുപോരേണ്ടി വന്നു. നാട്ടില്‍ തിരിച്ചെത്തിയ നീരജ് പ്രൈവറ്റായി ഇന്റര്‍മീഡിയേറ്റ് പൂര്‍ത്തിയാക്കി. അത് സ്വന്തമായി ഒരു സ്‌കൂള്‍ തുടങ്ങാനുള്ള ആത്മവിശ്വാസം അവനേകി. അതിനിടെ വന്ന സ്‌കൂള്‍ അദ്ധ്യാപകരുടെ സമരമാണ് പുതിയ യാത്രയിലേക്കുള്ള അവന്റെ വഴി തെളിച്ചത്. സമരത്തോടെ പല വിദ്യാര്‍ത്ഥികളും പഠനം നിര്‍ത്തുകയും ഖനികകളില്‍ പണിക്ക് പോവുകയും ചെയ്തു. അങ്ങനെ നീരജ് ഒരു മുറി വാടകയ്‌ക്കെടുത്തു. ഒരു വെള്ള ബോര്‍ഡും വച്ചു. അതായിരുന്നു സ്‌കൂളിന്റെ തുടക്കം. അതേസമയത്ത് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നേടിയിരുന്നു നീരജ്.
ആര്‍ട്‌സ് പഠിക്കുന്ന തന്റെ സഹോദരിക്കും ഒരു സുഹൃത്തിനുമൊപ്പമാണ് നീരജ് സ്‌കൂള്‍ തുടങ്ങുന്നത്. ബെഞ്ച് പോലും ഇല്ലായിരുന്നുവെങ്കിലും അതൊന്നും അവരെ പിന്നോട്ട് വലിച്ചില്ല. അങ്ങനെ നീരജ് സ്റ്റേറ്റ് ബോര്‍ഡിലേക്ക് രജിസ്‌ട്രേഷനായി അപേക്ഷിച്ചു. നിലനില്‍ക്കാനായി പ്രൈവറ്റ് ട്യൂഷനും എടുക്കുന്നുണ്ടായിരുന്നു നീരജ്. 2013 -ലാണ് നീരജ് ബാല്‍ മിത്ര ഗ്രാമില്‍ ചേരുന്നത്. ഇതുവരെ ഇരുപത് കുട്ടികളെയെങ്കിലും ബാലവേലയില്‍ നിന്നും മോചിപ്പിച്ചു. ശേഷം അവരുടെ മാതാപിതാക്കളോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിക്കൊടുക്കുകയും നീരജിന്റെ സ്‌കൂളില്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്തു.

 

 

 

 

 

OTHER SECTIONS