വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം

By online desk.20 04 2019

imran-azhar

 

 

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീലപരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് പൊലീസിനോട് കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം നല്‍കിയത്. എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഈ അടിസ്ഥാനത്തില്‍ മലപ്പുറം എസ്പി തൃശ്ശൂര്‍ റേഞ്ച് ഐജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

 

പൊന്നാനിയില്‍ ഇടതു മുന്നണി പൊതുയോഗത്തിലെ എ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യാ ഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്‌തെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഈ രണ്ടു പരാതികളിലും തിരൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

 

പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ''സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല...'', ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.

OTHER SECTIONS