സിസ്റ്റർ അഭയ കൊലക്കേസ് : സത്യത്തിന്റെ കോടതിയില്‍ കള്ളം ജയിക്കില്ല

By online desk.15 07 2019

imran-azhar

 


സ്വന്തം ചോരയില്‍ പറന്ന മകളെ കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ പറഞ്ഞയച്ചു. ദൈവകരങ്ങളില്‍ ഏല്‍പ്പിച്ച മകള്‍ അദ്ദേഹത്തിന്റെ ചില അനുയായിക്കൂട്ടങ്ങളാല്‍ മരണപ്പെട്ടപ്പോള്‍ അതിന്റെ സത്യം പുറത്തുകൊണ്ടുവരാന്‍ ഒരായുസുമുഴുവന്‍ പൊരുതി. സഭയ്ക്ക് ആകെ കളങ്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയകേസില്‍ ആകളങ്കം കഴുകിക്കളയാന്‍ സഭയും സത്യം അറിയാന്‍ ലോകവും കാത്തിരുന്നിട്ടും തന്റെ മകള്‍ക്ക് സംഭവിച്ചതെന്തെന്നറിയും വരെ കാത്തിരിക്കാന്‍ പിതാവ് തലയോലപ്പറമ്പ് ഐക്കരക്കുന്നേല്‍ തോമസിന് ആയില്ല. അഭയ കേസില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ തുടങ്ങിയപ്പോള്‍ നിയമത്തിന് ഇനിയും എത്താതിരിക്കാന്‍ മാത്രം ശക്തരായി ആ കുറ്റവാളികള്‍ തുടരുന്നു. അഭയ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ 40 വയസ്സുണ്ടാകുമായിരുന്നു. അഭയ കേസിലെ വിചാരണ തുടങ്ങിയ വിവരം പുറത്തായി തുടങ്ങിയത് ജൂലായ് 11 മുതലാണ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങിയത്. ഒന്നാംപ്രതി ഫാദര്‍ തോമസ് എം കോട്ടൂര്‍, മൂന്നാംപ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ വിചാരണയാണ് തുടങ്ങിയിരിക്കുന്നത്.


സിസ്റ്റര്‍ സ്റ്റെഫി ഹാജരാകാതിരുന്നതിനാല്‍ കേസ് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ചാംതിയ്യതി ഹാജരായിരിക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം തുടങ്ങിയിട്ടുണ്ട്. രണ്ടാംപ്രതിയായിരുന്ന ഫാദര്‍ ജോസ് പൂതൃക്കയിലിനെ ഇതേ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. 2019 ഏപ്രില്‍ മാസത്തിലായിരുന്നു കേരളാ ഹൈക്കോടതി ഇരുവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ഉത്തരവിട്ടത്.


ഈ കേസില്‍ ഏറ്റവുമൊടുവില്‍ നടന്ന നിര്‍ണായകമായ നീക്കം അന്വേഷണ ഉദ്യോഗസ്ഥനായ കെടി മൈക്കിളിനെ പ്രതി ചേര്‍ത്തതാണ്. 2018 ജനുവരി മാസത്തിലായിരുന്നു ഇത്. ഇദ്ദേഹമാണ് ആദ്യം അഭയ കേസ് അന്വേഷിച്ചതും ആത്മഹത്യയാണെന്ന ആദ്യ വിധിയെഴുത്ത് നടത്തിയതും. അഭയയുടെ ശിരോവസ്ത്രം, ചെരിപ്പ്, ഡയറി എന്നിവ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കിഷോര്‍ ഐഎഎസ്സില്‍ നിന്നും എഴുതി വാങ്ങിയത് മൈക്കിളായിരുന്നു. കേസിലെ സുപ്രധാന തെളിവുകളായ ഇവ പിന്നീട് കാണാതാകുകയും ചെയ്തു.


1997 മാര്‍ച്ച് മാസത്തില്‍ അഭയ കേസ് സിബിഐ പുനരന്വേഷിക്കണമെന്ന് ഉത്തരവിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസന്വേഷണം ആദ്യം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കെടി മൈക്കിളിനെ പേരെടുത്ത് വിമര്‍ശിക്കുകയുമുണ്ടായി. ഈ പരാമര്‍ശങ്ങള്‍ പിന്നീട് ഹൈക്കോടതി നീക്കം ചെയ്യുകയാണുണ്ടായത്.


സിബിഐ ഓഫീസറായിരുന്ന വര്‍ഗീസ് പി തോമസ്സാണ് അഭയയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ ആദ്യം എത്തിച്ചേര്‍ന്നത്. തന്റെ കേസ് ഡയറിയില്‍ അദ്ദേഹം ഇക്കാര്യം എഴുതിവെക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇദ്ദേഹം രാജി വെച്ചതായുള്ള വാര്‍ത്തയാണ് വരുന്നത്. 1993ലായിരുന്നു ഇത്. രാജിയുടെ കാരണം അന്ന് ദുരൂഹമായിരുന്നു. പിന്നീടീ ദുരൂഹത അവസാനിച്ചത് 2004 ജനുവരി മാസത്തില്‍ അദ്ദേഹം ഒരു വാര്‍ത്താസമ്മേളനം വിളിച്ചപ്പോഴാണ്. കൊച്ചിയില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം തന്റെ രാജിയുടെ കാരണമായി പറഞ്ഞത് അഭയ കേസാണ്. കേസില്‍ തന്റെ മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ തന്റെ മേലുദ്യോഗസ്ഥനും സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടുമായ വി ത്യാഗരാജനില്‍ നിന്നും വന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. കേസ് ഡയറിയില്‍ അഭയയുടേത് ആത്മഹത്യയാണെന്ന് എഴുതി വയ്ക്കാനാണ് ത്യാഗരാജന്‍ നിര്‍ദ്ദേശിച്ചത്. ഇത് വലിയ കോളിളക്കമുണ്ടാക്കി. കേരളത്തിലെ എല്ലാ എംപിമാരും ചേര്‍ന്ന് അന്നത്തെ സിബിഐ ഡയറക്ടര്‍ കെ വിജയരാമ റാവുവിന് പരാതി നല്‍കി. ത്യാഗരാജനെ ചുമതലയില്‍ നിന്നും മാറ്റി, എംഎല്‍ ശര്‍മ പകരം വന്നത് ഇങ്ങനെയാണ്.


ഉദ്യോഗസ്ഥര്‍ക്കിടയിലും ജുഡീഷ്യറിയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും മാധ്യമങ്ങളിലുമെല്ലാം ശക്തമായ സ്വാധീനമുള്ള സ്ഥാപനങ്ങള്‍ ഒരു മാഫിയാ സംഘം പോലെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേസ് വിചാരണയിലെത്താന്‍ ഇത്രയധികം വൈകിയത്. കുറ്റാരോപിതര്‍ക്കെതിരെ അന്വേഷണം നടത്താനും അവരെ ശിക്ഷിക്കാനുമുള്ള അധികാരങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമാണെന്നും ഈ സ്ഥാപനങ്ങള്‍ പറയാതെ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാന്‍ നടത്തിയ വലിയൊരു ശ്രമത്തിന്റെ ബാക്കിയാണ് കേടതിയില്‍ ഇഴഞ്ഞു നീക്കിക്കൊണ്ടിരിക്കുന്ന ഈ കേസ്.


കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലാണ് 1992 മാര്‍ച്ച് 27ന് സിസ്റ്റര്‍ അഭയ എന്ന രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ത്ഥിനിയായിരുന്നു.


2008 നവംബറിലായിരുന്നു സിസ്റ്റര്‍ അഭയ കൊലക്കേസ് അന്വേഷിച്ച മുന്‍ എഎസ്‌ഐ വിവി അഗസ്റ്റിന്റെ ആത്മഹത്യ. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ. ചിങ്ങവനം ചാലിച്ചിറയിലെ വീട്ടില്‍ വച്ച്. തന്റെ മരണത്തിന് ഉത്തരവാദികള്‍ സിബിഐയാണെന്ന് കത്തെഴുതി വച്ചിരുന്നു വിവി അഗസ്റ്റിന്‍. അഭയയുടെ മരണം നടന്നതിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന അഗസ്റ്റിനായിരുന്നു. ഇദ്ദേഹമാണ് പല തെളിവുകളും അന്ന് നശിപ്പിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇടയ്‌ക്കൊരു ഘട്ടത്തില്‍ മാപ്പുസാക്ഷിയാകാനും ഇദ്ദേഹം തയ്യാറായി. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയും ചെയ്തു. താന്‍ കടന്നുപോകുന്ന സമ്മര്‍ദ്ദങ്ങളിലേക്ക് ഈ നിലപാട് മാറ്റങ്ങള്‍ സൂചന നല്‍കിയിരുന്നു. കേസില്‍ അഗസ്റ്റിന്റെ മൊഴികളിലുള്ള വൈരുദ്ധ്യം സിബിഐ കണ്ടെത്തിയിരുന്നു.

 


നിര്‍ണായകമായത് 2008ലെ സംഭവങ്ങള്‍


2008ലാണ് കേസില്‍ സുപ്രധാനമായ വഴിത്തിരിവുകളുണ്ടായത്. നവംബര്‍ 18-നു 2008 ഒക്ടോബര്‍ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 2008 നവംബര്‍ 18ന് സഞ്ജു മാത്യു വിശദമായ മൊഴി നല്‍കിയിരുന്നു. ഇതേ നവംബര്‍ മാസത്തില്‍ തന്നെയാണ് വിവി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തതും. 2008 ഡിസംബര്‍ 29ന് പ്രതികളുടെ ജാമ്യാപേക്ഷ മജിസ്റ്റ്‌റേറ്റ് തള്ളി.


കൊലക്കേസില്‍ കോട്ടയം ബി.സി.എം. കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തല്‍ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. 2012 ജൂലൈയിലായിരുന്നു ഇത്. അഭയ കേസ് പ്രതികളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിക്കെതിരെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തലുണ്ടായിരുന്നത്. കോളജിലെ ഹിന്ദി അധ്യാപികയായ സിസ്റ്റര്‍ ലൗസിയുമായി പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈയില്‍ എന്നിവര്‍ക്ക് ബന്ധമുണ്ട്. ആര്‍ച്ച്ബിഷപ് കുന്നശ്ശേരിയുമായുള്ള സിസ്റ്ററുടെ ബന്ധത്തിന് ഇരുവരും ഒത്താശ നല്‍കിയിരുന്നതായും സി.ബി.ഐ ആരോപിച്ചു.


ഇക്കഴിഞ്ഞ ദിവസം തുടങ്ങിയ വിചാരണയില്‍ കേസില്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി ഹാജരാകാത്തതിനെ തുടര്‍ന്നാണിത്. ഓഗസ്റ്റ് 5ന് സ്റ്റെഫി ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് കടന്നുപോയവഴിയില്‍ ഇത്രയും നാള്‍ സമൂഹം കണ്ടത് കുറേ ആത്മഹത്യകളും നാടകീയ സംഭവങ്ങളുമായിരുന്നു. ഇനിയങ്ങോട്ട് വിചാരണാക്കാലയളവിലും എന്തൊക്കെയുണ്ടാകുമെന്നത് കണ്ടുതന്നെ അറിയേണ്ടിരിക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണത്തിന് പിന്നില്‍ എത്ര ഉന്നതരായലും നിയമത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വരും. അതിന് അധികനാള്‍ ഇനി കാത്തിരിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷയാണ് വിചാരണ ആരംഭിച്ചതോടെ സമൂഹത്തിന് ലഭിച്ചിരിക്കുന്നത്.

 

 

 

 

 

 

 

OTHER SECTIONS