നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെയുള്ള കുറ്റപത്രം ഇന്നു സമർപ്പിക്കും

By Anju N P.22 Nov, 2017

imran-azhar

 


കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം ഇന്നു സമര്‍പ്പിച്ചേക്കും. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം. അന്തിമ കുറ്റപത്രത്തില്‍ ദിലീപടക്കം 11 പേരാണു പ്രതികള്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.

 

കഴിഞ്ഞ ദിവസം ദിലീപിനു വിദേശത്തു പോകാന്‍ നാലു ദിവസം ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവനുവദിച്ചു. ദുബായില്‍ 'ദേ പുട്ട്' റസ്റ്ററന്റ് ശാഖയുടെ ഉദ്ഘാടനത്തിനു പോകാന്‍ അനുമതി തേടി ദിലീപ് നല്‍കിയ ഹര്‍ജിയിലാണു ഈ നടപടി. വിദേശ യാത്രയ്ക്കായി ആറു ദിവസത്തേക്കു പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.

 


സാക്ഷികളെ സ്വാധീനിച്ചതുവഴി ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. മാത്രമല്ല കേസിലെ പ്രധാന സാക്ഷികളുടെ നിലപാടുമാറ്റം മുന്‍നിര്‍ത്തി, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാനാണു നീക്കം. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോള്‍, ദിലീപ് സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു. അങ്ങനെയെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി പരാമര്‍ശിച്ചു. ഇതിനു തൊട്ടുപിന്നാലെ സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലും തമ്മില്‍ക്കണ്ടു ചര്‍ച്ച നടത്തിയിരുന്നു.