By Avani Chandra.24 01 2022
ന്യൂഡല്‍ഹി: നടി ആക്രമണ കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ഫെബ്രുവരി 16-ന് മുമ്പ് വിചാരണ പൂര്‍ത്തായില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജിയാണ് സമീപിക്കേണ്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ അതു പരിഗണിച്ചു കൊണ്ട് ഉത്തരവ് ഇറക്കുന്ന കാര്യം ആലോചിക്കാമെന്നും ജസ്റ്റിസ് എ എന്‍ ഖാല്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തീര്‍പ്പാക്കിയ കോടതി ഇക്കാര്യത്തില്‍ വിചാരണ കോടതി മാത്രം സുപ്രീം കോടതിയെ സമീപിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി. ഇതോടെ വിചാരണ കോടതി ജഡ്ജിയുടെ നിലപാടിന് അനുസരിച്ചാകും ഇനി ഈ കേസിന്റെ ഭാവിയെന്നും നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിചാരണ നീട്ടിക്കൊണ്ടു പോവാനും മാധ്യമവിചാരണ നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി പറഞ്ഞു. 202 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോള്‍ അഞ്ചു വര്‍ഷത്തിന് ശേഷം പെട്ടെന്ന് സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും റോത്തഗി പറഞ്ഞു.
വിചാരണക്കോടതിയെ സമീപിക്കുമ്പോള്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് നിര്‍ദേശിക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണെന്നും, എത്രയും വേഗത്തില്‍ വിധി പറയണമെന്നും, ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘം വാടകക്കെടുത്ത സാക്ഷിയാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.